കണ്ടല്‍ പാര്‍ക്ക്: നിയമലംഘനം അന്വേഷിക്കാന്‍ സമിതി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ സിപിഎം നേതൃത്വത്തില്‍ നിര്‍മ്മിച്ച കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴംഗസമിതിയെ നിയമിച്ചു.
കണ്ടല്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത് നിയമം ലംഘിച്ചാണോ ആണെങ്കില്‍ അതിന്റെ വ്യാപ്തിയെന്ത്. പാര്‍ക്ക് നിര്‍മാണം ആ മേഖലയില്‍ ഏല്പിച്ച പാരിസ്ഥിതിക ആഘാതമെത്രയെന്നിവ കണ്ടെത്താനാണ് സമിതിയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കണ്ടലിന്റെ പേരില്‍ കണ്ണൂരില്‍ രാഷ്ട്രീയ യുദ്ധം ചൂടുപിടിക്കുമ്പോഴാണ് നിയമലംഘനം സര്‍ക്കാര്‍തന്നെ അംഗീകരിച്ച് സമിതിയെ നിയമിക്കുന്നത്.
മുഖ്യമന്ത്രി തലവനായ കേരള തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിട്ടിയോട് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയമിക്കപ്പെട്ട ഏഴംഗ സമിതി ചൊവ്വാഴ്ച കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വളപട്ടണം പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ തീം പാര്‍ക്ക് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.
കേരള തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍ മോഹനന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് സമിതിയംഗങ്ങള്‍.
കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കണ്ടല്‍ച്ചെടികളെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്ന് സംഘം പഠിയ്ക്കും. ജൂലൈ 24നകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications