ഭാര്യയുടെ കൊല: ഇന്‍ഫോസിസ് ജീവനക്കാരന്‍ പിടിയില്‍
ബാംഗ്ലൂര്‍: ദില്ലി പബ്ലിക് സ്‌കൂളിലെ അധ്യാപിക കൊല്ലപ്പെട്ട കേസില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാ്ണ് അറസ്റ്റ്. എന്നാല്‍ സതീഷ് ഗുപ്ത ഇരുപത്തിയൊന്‍പതുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയതെന്തിനാണെന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
പിടിക്കപ്പെടുമെന്നായപ്പോള്‍ സുഹൃത്തായ കിഷനെയും കേസിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ സതീഷ് ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. തങ്ങള്‍ ഒരുമിച്ചാണ് കൊല നടത്തിയതെന്നാണ് സതീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നത്.
നേരത്തേ ഇയാള്‍ പറഞ്ഞിരുന്നത് കാലത്ത് നടത്തം കഴിഞ്ഞ് വന്നപ്പോള്‍ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടുവെന്നായിരുന്നു. കൊലയ്ക്ക് മുമ്പ് ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും വീടിന് മുന്നില്‍ രണ്ട് അപരിചിതര്‍ വന്നിട്ടുണ്ടെന്നും മറ്റു പറഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചിരുന്നു.
ഈ ഫോണ്‍ കോള്‍ തന്നെയാണ് അവസാനം സതീഷിനെതിരെ തെളിവായത്. സതീഷ് തന്നെ കാലത്ത് നടക്കാന്‍ പോകാന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ പോകുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെ സതീഷ് തന്റെ വീട്ടിലെത്തിയെന്നും കിഷന്‍ പറയുന്നു.
പിന്നീട് ഇവര്‍ ഒരുമിച്ച് നടക്കാന്‍ പോയി. ഈ സമയത്ത് സതീഷ് ഫോണ്‍ എടുത്ത് താന്‍ ആരെയും വീട്ടിലേയ്ക്ക് അയച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഫോണിന്റെ റിങ് കേള്‍ക്കാനില്ലായിരുന്നുവെന്നും കിഷന്‍ പറഞ്ഞു.
ഭാര്യയുടെ കോള്‍ വന്നതായി സതീഷ് അഭിനയിച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മാത്രമല്ല പ്രിയങ്കയുടെ ഫോണില്‍ നിന്നും ആ സമയത്ത് കോള്‍ പോയിട്ടില്ലെന്നും കണ്ടെത്തി. പിന്നീട് ഗത്യന്തരമില്ലാതായതോടെ സതീഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാല്‍ താന്‍ ഭാര്യയെ വളരെയേറെ സ്‌നേഹിക്കുന്നുവന്ന് അപ്പോഴും അയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications