ചാനലുകളുടെ ആര്‍ത്തി; യുവാവ് വെന്തുമരിച്ചു
ദില്ലി: എക്‌സ്‌ക്ലൂസീവുകള്‍ക്ക് വേണ്ടി മത്സരിയ്ക്കുന്ന വാര്‍ത്താ ചാനലുകള്‍ക്ക് വേണ്ടി ആത്മാഹുതി നാടകം നടത്തിയ യുവാവ് വെന്തുമരിച്ചു. തീക്കളി കാര്യമായതോടെ സംഭവത്തിന്റെ ആസൂത്രകരായ രണ്ട് ടിവി ചാനല്‍ പ്രവര്‍ത്തകര്‍ ഒളിവില്‍പ്പോയി. എക്‌സ്‌ക്ലൂസീവിലൂടെ കാഴ്ചക്കാരെ സൃഷ്ടിയ്ക്കുന്നതിന് വേണ്ടിയാണ് യുവാവിനെ മാധ്യമപ്രവര്‍ത്തകര്‍ ആത്മാഹുതി നാടകം നടത്താന്‍ പ്രേരിപ്പിച്ചത്. അപൂര്‍വമായൊരു ദൃശ്യം ലൈവായി പകര്‍ത്തി കാഴ്ചക്കാരെ ആകര്‍ഷിയ്ക്കാനായിരുന്നു ഇവരുടെ ശ്രമം.
അഹമ്മദാബാദിലെ ഉഝാ പൊലീസ് സ്‌റ്റേഷനു മുമ്പാകെയാണ് ഇരുപത്തൊമ്പതുകാരനായ കപ്‌ലേശ് മിസ്ത്‌രി ചാനലുകള്‍ക്കുവേണ്ടി നാടകം കളിച്ചതും ജീവന്‍ നഷ്ടപ്പെട്ടതും. ക്യാമറക്കു മുന്നില്‍ തീ കൊളുത്തണമെന്നും ഉടന്‍ തങ്ങള്‍ രക്ഷപ്പെടുത്തുമെന്നും പറഞ്ഞതോടെ അയാള്‍ സമ്മതിച്ചു.
മുന്‍കൂട്ടി തീരുമാനിച്ച പോലെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയെങ്കിലും അത് ക്യാമറയില്‍ പകര്‍ത്താനുള്ള വ്യഗ്രതയില്‍ ഇയാളെ രക്ഷിക്കാന്‍ ഒരു ശ്രമവും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയില്ലത്രേ. തീപൊള്ളലേറ്റ് കപ്‌ലേശ് പിടയുമ്പോഴും ചാനല്‍ പ്രവര്‍ത്തകര്‍ സന്തോഷത്തെ അതു ക്യാമറയില്‍ പകര്‍ത്തുകയായിരുന്നുവെന്ന് സംഭവം നേരില്‍ക്കണ്ട സമീപത്തെ ഒരു ചായക്കടക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു വെറും നാടകമാണെന്നും കപ്‌ലേശിനെ തങ്ങള്‍ രക്ഷിക്കുമെന്നുമായിരുന്നു അപ്പോള്‍ ചാനല്‍ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞെതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരായ കമലേശ് റാവല്‍, മയൂര്‍ റാവല്‍ എന്നിവര്‍ക്കെതിരെയാണ് അഹ്മദാബാദ് പൊലീസ് കേസെടുത്തത്. ഇവര്‍ക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചിലിലാണ്. പ്രാദേശിക ഗുജറാത്തി കാബിള്‍ ചാനലായ ജി.ടി.പി.എല്‍, ഗുജറാത്ത് ടി.വി 9 എന്നിവയില്‍ ജോലിചെയ്യുന്നവരാണിവര്‍.
സംഭവത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി കപ്‌ലേശ് പല തവണ ദീര്‍ഘനേരം സംസാരിച്ചതിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു
ഉഝാ സ്‌റ്റേഷനിലെ ഒരു പൊലീസുകാരന്‍ കേസുമായി ബന്ധപ്പെട്ട് കപ്‌ലേശിനെ പിടികൂടി മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് കപ്‌ലേശിനെ ചാനല്‍ പ്രവര്‍ത്തകര്‍ പിന്നാലെ കൂടി പ്രകോപിപ്പിച്ചു. പൊലീസ് സ്‌റ്റേഷനു സമീപം ആത്മാഹുതി നടത്തുന്നതായി അഭിനയിച്ചാല്‍ അതു ചാനലില്‍ കാണിക്കാമെന്നും അങ്ങനെ ബന്ധപ്പെട്ട പൊലീസുകാരനെതിരെ നടപടി ഉറപ്പാക്കാമെന്നും അവര്‍ ഉറപ്പു നല്‍കി. ഇതനുസരിച്ചാണ് ഇയാള്‍ ആത്മാഹുതി നാടകത്തിന് തയാറായതും ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ടതും.












Click it and Unblock the Notifications