ഭര്‍ത്താവ് മൂക്കുഛേദിച്ച യുവതിയ്ക്ക് പുതിയ മൂക്ക്

അയിഷയെന്ന 18കാരിയാണ് കാലിഫോര്‍ണിയയിലെ വെസ്റ്റ്ഹില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഭര്‍ത്താവ് ചെവിയും മൂക്കും അറുത്തുമാറ്റിയതിനെത്തുടര്‍ന്ന് അഫ്ഗാന്‍ സ്ത്രീത്വത്തിന്റെ മുഖമെന്ന വിശേഷണവുമായി അയിഷയുടെ മുഖം 'ടൈം' മാഗസിന്റെ പുറംകവറില്‍ ഇടം പിടിച്ചിരുന്നു.
കാബൂളിലെ ഒരു ക്യാമ്പില്‍ കഴിയുകയായിരുന്ന അയിഷയെ ഗ്രോസ്മാന്‍ ബേണ്‍ ഫൗണ്ടേഷനാണ് അമേരിക്കയില്‍ കൊണ്ടുവന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇപ്പോള്‍ അമേരിക്കന്‍ കുടുംബത്തോടൊപ്പമാണ് അയിഷ താമസിക്കുന്നത്.
കുടുംബത്തിന്റെ കടം വീട്ടാന്‍ നിവൃത്തിയില്ലാത്തതിനാല്‍ പ്രതിഫലമായാണ് അയിഷയെ അച്ഛന്‍ 12ാം വയസ്സില്‍ താലിബാന്‍കാരന് വിവാഹം കഴിച്ചുകൊടുത്തത്. ഭര്‍ത്തൃവീട്ടില്‍ കടുത്ത പീഡനങ്ങള്‍ക്കിരയാവേണ്ടി വന്ന അയിഷയെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമായിരുന്നു പാര്‍പ്പിച്ചിരുന്നത്.
പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ അയിഷയെ പിടികൂടിയ ഭര്‍ത്താവ് ശിക്ഷാനടപടിയായാണ് മൂക്കും ചെവിയും ഛേദിച്ച് സമീപത്തുള്ള കുന്നിന്‍ പ്രദേശത്ത് ഉപേക്ഷിച്ചത്. എന്നാല്‍ മരിക്കാതെ രക്ഷപ്പെട്ട പെണ്‍കുട്ടി ഏറെ അകലെയല്ലാത്ത മുത്തച്ഛന്റെ വീട്ടില്‍ അഭയം തേടുകയാണുണ്ടായത്. തുടര്‍ന്ന് യു.എസ്. സൈനികാശുപത്രിയില്‍ ചികിത്സ തേടിയെത്തി.
അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥ ചൂണ്ടിക്കാട്ടി ടൈം മാഗസിന്‍ അയിഷയടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു. 'നമ്മള്‍ അഫ്ഗാനിസ്താനെ ഉപേക്ഷിച്ചാല്‍ എന്തു സംഭവിക്കും' എന്ന തലക്കെട്ടോടെയാണ് ടൈം ഫോട്ടോ പ്രസിദ്ധീകരിച്ചത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദ ഗ്രോസ്മാന്‍ ബേണ്‍ ഫൗണ്ടേഷന്‍' കഴിഞ്ഞ ദിവസം 'എന്‍ഡ്യൂറിങ് ഹാര്‍ട്ട് അവാര്‍ഡ്' നല്കി അയിഷയെ ആദരിച്ചിരുന്നു. കാലിഫോര്‍ണിയ ഗവര്‍ണറുടെ ഭാര്യ മറിയ ഷ്‌റീവറാണ് പുരസ്‌കാരം നല്കിയത്.












Click it and Unblock the Notifications