ചാരപ്രവര്‍ത്തനം ആരോപിച്ച പെണ്‍കുട്ടികളെ കൊന്നു
മൊഗാദിഷു: ചാരപ്രവര്‍ത്തനം ആരോപിച്ച് പിടികൂടിയ രണ്ട് പെണ്‍കുട്ടികളെ സൊമാലിയയിലെ ഭീകരസംഘടനയായ ഷെബാബിന്റെ ഭീകരര്‍ പരസ്യമായി വെടിവെച്ചു കൊന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു ബലീദ്വീനില്‍ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണു 15ഉം 18ഉം വയസ്സ് പ്രായം വരുന്ന പെണ്‍കുട്ടികളെ വധിച്ചത്.
സൊമാലിയയിലെ സര്‍ക്കാര്‍ സൈന്യത്തിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റമായിരുന്നു പെണ്‍കുട്ടികളുടെ മേല്‍ ചുമത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റംസമ്മതിച്ചെന്നു ഷെഹാബ് കമാന്‍ഡര്‍ ഷേക്ക് യൂസഫ് അലി ഉഗാസ് പറഞ്ഞു.
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയാണു ഷെബാബ്. എത്യോപ്യന്‍ അതിര്‍ത്തിയിലുള്ള ബലീദ്വീന്‍ ഷെബാബിന്റെആസ്ഥാനമാണ്. ഇവിടത്തെ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ രണ്ടുപേര്‍ക്കെതിരേ ശിക്ഷനടപ്പാക്കുമെന്ന് ബുധനാഴ്ച രാവിലെ ഭീകരര്‍ നാട്ടുകാരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നൂറുകണക്കിനുപേര്‍ അവിടെ തടിച്ചുകൂടുകയും ചെയ്തു.
കൈകള്‍ ബന്ധിച്ചു മുഖംമൂടിയാണു പെണ്‍കുട്ടികളെ എത്തിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവരെ നിലത്ത് ഇരുത്തിയശേഷം പിന്നില്‍നിന്നു വെടിവയ്ക്കുകയായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന്റെ ചിത്രമെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ കൈവെട്ടുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications