ക്രിസ്ത്യന്‍ സ്ത്രീയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു
ഇസ്‌ലാമാബാദ്: പ്രവാചനകെ നിന്ദിച്ചുവെന്ന കുറ്റം ചുമത്തി പാക് കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവ വനിത ആസിയാ ബീബി (37)യുടെ ശിക്ഷ നടപ്പാക്കുന്നത് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സ്റ്റേ ചെയ്തു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നന്‍കനാ സാഹിബ് ജില്ലയില്‍ നിന്ന് കഴിഞ്ഞവര്‍ഷം ജൂണിലാണ് അഞ്ചുകുട്ടികളുടെ അമ്മയായ ആസിയാ ബീബിയെ അറസ്റ്റു ചെയ്തത്.
ഒരുസംഘം മുസ്ലിം വനിതകളുമായി വാക്കേറ്റമുണ്ടായതാണ് കാരണം. പ്രവാചകനെ നിന്ദിച്ചു സംസാരിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആരോപണം നിഷേധിച്ച ബീബി മതവിശ്വാസത്തിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നു വാദിച്ചു.
എന്നാല്‍ വിചാരണക്കോടതി അവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇത്തരമൊരു കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന പ്രഥമ പാക് വനിതയാണ് ആസിയാ ബീബി.
ബീബിക്ക് തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് ന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹബാസ് കഴിഞ്ഞദിവസം പഞ്ചാബ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
ആസിയയ്ക്കു വധശിക്ഷ വിധിച്ചതിനെ ലോകമെങ്ങുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു. ആസിയയെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ദാരിയുടെ ഇടപെടല്‍.












Click it and Unblock the Notifications