വിവാഹത്തട്ടിപ്പിന് തോംസണ്‍പൊടിച്ചത് ലക്ഷങ്ങള്‍
ആലപ്പുഴ: മൂന്നുവര്‍ഷത്തിനുള്ളില്‍ 11 സ്ത്രീകളെ വിവാഹം ചെയ്ത തോംസണ്‍ പെണ്‍വേട്ടയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവാക്കുകയും വിവാഹം ചെയ്ത സ്ത്രീകളെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
തട്ടിപ്പിനിരയായ ആദ്യത്തെ സ്ത്രീയാണ് ഇയാള്‍ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന് പൊലീസിനോട് പറഞ്ഞത്.
നേമം സ്വദേശിനിയും അനാഥയുമായ യുവതി വെള്ളിയാഴ്ച മൂന്നുവയസുള്ള മകള്‍ക്കൊപ്പമെത്തിയാണ് ആലപ്പുഴ സൗത്ത് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. 2003ലാണ് തന്നെ തോംസണ്‍ വിവാഹം കഴിച്ചതെന്നു പറഞ്ഞ ഇവര്‍ വിവാഹരേഖകളും ഹാജരാക്കിയിട്ടുണ്ട്.
ഇതോടെ 2008ലാണ് താന്‍ തട്ടിപ്പുതുടങ്ങിയതെന്ന തോംസണിന്റെ മൊഴി കളവാണെന്നു തെളിഞ്ഞു. 2003ല്‍ ആരംഭിച്ചതാണെങ്കില്‍ ഇയാളുടെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒട്ടേറെപ്പേരുണ്ടാകുമെന്ന നിഗമനത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിനു നീക്കമാരംഭിച്ചിരിക്കുകയാണ്.
സ്ഥിരം ശൈലിയില്‍ പത്രപ്പരസ്യം നല്‍കി ഇവരെ വലയില്‍ വീഴ്ത്തിയ തോംസണ്‍ വിവാഹശേഷം സ്വന്തംപേരില്‍ വീടുവാങ്ങിയാണു യുവതിയെ താമസിപ്പിച്ചിരുന്നത്. പണം വേണ്ടതിലേറെ ചെലവാക്കിയ തോംസണ്‍ ഇതിനായി ദുബയില്‍ നിന്നും ലോട്ടറി അടിച്ച ഒരു കോടിരൂപയും ഉപയോഗിച്ചിരുന്നുവത്രേ.
ബിസിനസിനെന്നു പറഞ്ഞുപോകുന്ന തോംസണ്‍ വല്ലപ്പോഴും മാത്രമാണു വീട്ടില്‍ എത്താറുണ്ടായിരുന്നതെന്നും യുവതി പറഞ്ഞു. ഇതിനിടയില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് തോംസണ്‍ എരിഞ്ഞേരി എന്ന വിലാസമാണു നല്‍കിയിരിക്കുന്നത്.
ഏതാനും മാസം മുമ്പ് വീട്ടില്‍നിന്നൊഴിയണമെന്നുകാട്ടി യുവതിക്കു തോംസണ്‍ വക്കീല്‍നോട്ടീസും അയച്ചു. മറ്റുവീടുകളില്‍ വീട്ടുജോലി ചെയ്തു ചെലവു കഴിഞ്ഞുപോന്നിരുന്ന യുവതി ഇതിനു തയാറായില്ല. ഇതോടെ ഇരുവരുടേയും കിടപ്പറരംഗങ്ങള്‍ പകര്‍ത്തിയ കാമറകാട്ടി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നത്രേ.
നിലവില്‍ തോംസണെതിരേ മറ്റുകുറ്റങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലാതിരിക്കെയാണ് അപ്രതീക്ഷിതമായി ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.
ഇടുക്കി സ്വദേശിനിയായ മറ്റൊരു യുവതിയും പരാതിയുമായി വെള്ളിയാഴ്ച സ്‌റ്റേഷനില്‍ എത്തി. 2003 മുതല്‍ 2008 വരെയുള്ള കാലത്തെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതുവരെ എവിടെനിന്നും അന്വേഷണങ്ങള്‍ വന്നിട്ടില്ല.












Click it and Unblock the Notifications