ഡിഎംകെ-കോണ്‍ സഖ്യം തുടരുമെന്ന് കരുണാനിധി
ചെന്നൈ: ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ കരുണാനിധി വ്യക്തമാക്കി. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു കരുണാനിധി. കനത്ത മഴ മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിയ്ക്കണമെന്ന് കൂടിക്കാഴ്ചയില്‍ കരുണാനിനിധി അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയെ സ്വീകരിയ്ക്കാനോ കാണാനോ കരുണാനിധി ആദ്യം തയാറായിരുന്നില്ല. വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിയ്ക്കുന്നതിന് പകരം സുഹൃത്തായ ഒരു കവിയുടെ പരിപാടിയില്‍ പങ്കെടുക്കുകയാണ് കരുണാനിധി ചെയ്തത്.
2ജി അഴിമതി വിഷയത്തില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള ശീതസമരമാണ് അകല്‍ച്ച പാലിയ്ക്കാന്‍ കലൈഞ്ജറെ പ്രേരിപ്പിച്ചത് എന്ന് സൂചനകളുണ്ട്. എ രാജ രാജിവയ്ക്കാനിടയായതും ഡിഎംകെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സിബിഐ തെരച്ചില്‍ നടത്തിയതും കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു.
കേന്ദ്ര മന്ത്രിമാരായ പി ചിദംബരവും ജികെ വാസനും തമിഴ്‌നാട് ഉപമുഖ്യമന്ത്രി എംകെ സ്റ്റാലിനും ധനമന്ത്രി അന്‍പഴകനും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രോട്ടോകോള്‍ അനുസരിച്ച് കരുണാനിധിയും എത്തേണ്ടതായിരുന്നു. എന്നാല്‍, ആ സമയത്ത് നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലില്‍ കവി വൈരമുത്തുവിന്റെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കരുണാനിധി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മന്‍മോഹന്‍ സിംഗിന് ഗവര്‍ണര്‍ എസ് എസ് ബര്‍ണാല നല്‍കിയ അത്താഴ വിരുന്നിലും കരുണാനിധി പങ്കെടുത്തില്ല. അവസാന നിമിഷമാണ് കരുണാനിധി പരിപാടി റദ്ദാക്കിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ അഡയാര്‍ പാര്‍ക്ക് പ്രൊജക്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications