മോക്ഡ്രില്ലിനിടെ പരിക്കേറ്റ ഡിവൈഎസ്പി മരിച്ചു
ആലപ്പുഴ: മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎസ്പി മരിച്ചു. ആലപ്പുഴ ഡിവൈഎസ്പി. മാവേലിക്കര ചെറുകോല്‍ വാരോട്ടില്‍ ബി. രവീന്ദ്രപ്രസാദ്(50) ആണ് മരിച്ചത്.
വലതുകാലിന്റെ മുട്ടിന് താഴെയും ഇടുപ്പെല്ലിനും പൊട്ടലുണ്ടാവുകയും മൂത്രസഞ്ചിക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇദ്ദേഹത്തിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരണമടഞ്ഞു. ആന്തരികരക്തസ്രാവമാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴ വഴിച്ചേരിയിലുള്ള ഇഎസ്‌ഐ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. ദുരന്തനിവാരണത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
ഇഎസ്‌ഐ. ആശുപത്രിക്ക് പിന്നിലുള്ള കെട്ടിടത്തില്‍ ബോംബുസ്‌ഫോടനമുണ്ടാവുകയും പോലീസും ഫയര്‍ഫോഴ്‌സും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന രംഗമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ഇവിടെ ആവിഷ്‌കരിച്ചത്. രവീന്ദ്രപ്രസാദ് തന്നെയായിരുന്നു മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
ഫയര്‍ഫോഴ്‌സിന്റെ വാഹനം ആശുപത്രിയിലേക്ക് കടക്കുന്നതിനിടെ ഫയര്‍ എന്‍ജിന്റെ പിന്‍ഭാഗത്തിനും മതിലിനുമിടയില്‍ ഞെരുങ്ങിയാണ് രവീന്ദ്രപ്രസാദിന് പരിക്കേറ്റത്. വലതുകാല്‍ ഫയര്‍ എന്‍ജിനും മതിലിനുമിടയില്‍ ഞെരുങ്ങിയ സമയത്ത് ഇദ്ദേഹം മുന്നോട്ട് വീണു. അപകടത്തില്‍ കാല്‍ മുട്ടിനുതാഴെ രണ്ടായി കീറിയ അദ്ദേഹത്തെ ഉടന്‍ തന്നെ
സമീപത്തു നിന്നിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.












Click it and Unblock the Notifications