ജയ്ഹിന്ദിനും ഹസ്സനും അരുണ്‍കുമാറിന്റെ നോട്ടീസ്
തിരുവനന്തപുരം: ചന്ദനമാഫിയയില്‍ നിന്നും പണം പറ്റിയെന്ന വാര്‍ത്ത പുറത്തുവിട്ട ജയ്ഹിന്ദ് ചാനലിനെതിരെയും കോണ്‍ഗ്രസ് നേതാവ് എംഎം ഹസനെതിരെയും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അരുണ്‍ കുമാര്‍ ചന്ദനമാഫിയയില്‍നിന്നു പണം പറ്റിയെന്നായിരുന്നു ചാനല്‍ വാര്‍ത്ത. 2003 ജൂലൈയില്‍ അരുണ്‍ കുമാര്‍ സ്വകാര്യ ചന്ദന ഫാക്ടറി ഉടമകളില്‍നിന്ന് ഏഴു ലക്ഷം രൂപ അവിഹിതമായി വാങ്ങിയെന്നാണ് വാര്‍ത്തയില്‍ അവകാശപ്പെട്ടത്.
അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ചന്ദനമാഫിയകള്‍ക്കെതിരേ നടത്തിയിരുന്ന പോരാട്ടം മയപ്പെടുത്തുന്നതിനായിരുന്നു ഇതെന്നും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ചാനല്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഇതു ശരിവച്ച് എംഎം ഹസ്സനും രംഗത്തെത്തിയിരുന്നു.
ജയ്ഹിന്ദ് നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് 2003ലാണ് അരുണ്‍കുമാര്‍ ഏഴ് ലക്ഷം രൂപ വാങ്ങിയത്. ചന്ദനഫാക്ടറികള്‍ പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് നടത്തിയ സമരത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് ഈ തുക നല്‍കിയതെന്ന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കാസര്‍കോട് സ്വദേശി ഖാദര്‍ പാലോത്താണ് ജയ്ഹിന്ദ് ടിവിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പണം കിട്ടുമെന്ന് ഉറപ്പായതോടെ നിയമസഭയില്‍ ചന്ദനഫാക്ടറി അടയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും അച്യുതാനന്ദന്‍ വ്യതിചലിച്ചെന്നും ജയ്ഹിന്ദ് പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
ചന്ദനമാഫിയയ്‌ക്കെതിരെ വാതോരാതെ സംസാരിച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍ പൊടുന്നനെ നിശബ്ദനായത് എന്തുകൊണ്ട്? അഴിമതിയുടെ കറപുരണ്ട ആ മൗനം ആര്‍ക്കുവേണ്ടി? എന്ന തലക്കെട്ടിലാണ് ജയ്ഹിന്ദ് ടിവി വാര്‍ത്ത പുറത്തുവിട്ടത്.
ചന്ദനഫാക്ടറികള്‍ പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചുകൊണ്ട്, ചന്ദനഫാക്ടറി ഉടമകളുടെ ഇടനിലക്കാരായ ആലപ്പുഴ സ്വദേശികളായ അഡ്വക്കേറ്റ് ഷെര്‍ളി, മോഹനന്‍, മഞ്ചേരി സ്വദേശി മാത്തച്ചന്‍ എന്ന മാത്യു എന്നിവര്‍ വിഎസിനെ കാണാനെത്തി.
മകനെ കാണാനായിരുന്നുവത്രേ വിഎസ് ഇവരോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി അരുണ്‍കുമാറുമായി സംസാരിച്ചു. പത്തുലക്ഷം രൂപയാണ് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടത്.
വിലപേശലിന് ശേഷം തുക ഏഴ് ലക്ഷമെന്ന് വാക്കുറപ്പിച്ച് ഇടനിലക്കാര്‍ മടങ്ങി. തുടര്‍ന്ന് നിയമസഭയില്‍ വനം വകുപ്പിന്റെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ച വന്നപ്പോള്‍ ചന്ദനഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന പഴയ നിലപാട് വിഎസ് മാറ്റി.
വിഎസ് പഴയ നിലപാടില്‍ നിന്ന് പിന്മാറിയതോടെ, പ്രതിഫലമായി 2003ന് ജൂലൈ ഏഴിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെത്തി ഏഴുലക്ഷം രൂപ ഇടനിലക്കാര്‍ കൈമാറുകയും ചെയ്തു- എന്നിങ്ങനെയാണ് വാര്‍ത്തയിലെ ആരോപണം.












Click it and Unblock the Notifications