വിവാഹം: വൈദികനെ സഭ പുറത്താക്കി
കോട്ടയം: വനിതാ ഡോക്ടറെ പ്രണയിച്ച വൈദികനെ പൗരോഹിത്യ ചുമതലകളില്‍ നിന്നും പുറത്താക്കി. ആലുവ മുപ്പത്തടം സ്വദേശി ഫാദര്‍ പീറ്റര്‍ പുനലൂരിനെയാണ് പുറത്താക്കിയത്. വനിതാ ഡോക്ടറെ രജിസ്റ്റര്‍ വിവാഹം ചെയ്യുന്നതിന് മുമ്പേ വിവാഹത്തിന് അനുമതി തേടി പീറ്റര്‍ രൂപതാധ്യക്ഷന് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഫാദറിനെ അരമനയില്‍ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ബന്ധം പിരിയില്ലെന്നും വിവാഹജീവിതം നയിക്കുമെന്നും ഫാദര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പൗരോഹിത്യ ശുശ്രൂഷയില്‍ നിന്നും ഫാദറിനെ പുറത്താക്കാന്‍ സഭാ അധികൃതര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് രൂപതാ അധ്യക്ഷന്‍ ഉത്തരവും പുറപ്പെടുവിച്ചു.
ഫെബ്രുവരി 21നാണ് ലത്തീന്‍ രൂപതയിലെ പത്തനാപുരം ഇളമണ്ണൂര്‍ മരുതുംമൂട് പള്ളിയിലെ സഹ വികാരിയുമായ ഫാദര്‍ പീറ്ററും (ബിനു37) കോന്നി സ്വദേശിനിയും റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ രഘുപ്രിയ (24)യും ഒളിവില്‍ പോയത്.
പിന്നീട് ഇവര്‍ എറണാകുളം ആലങ്ങാട് സബ് രജിസ്റ്റാര്‍ ഓഫീസില്‍ എത്തി വിവാഹിതരായി. 30 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഈ വിവാഹത്തിന് നിയമസാധുതയുള്ളൂ.
തന്റെ മകളെ ഫാദര്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി ഡോക്ടറുടെ അമ്മ പൊലീസില്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം ഇടവകക്കാരുള്‍പ്പെടെയുള്ളവര്‍ അറിയുന്നത്. പരാതിയെ തുടര്‍ന്ന് അച്ചനെയും ഡോക്ടറായ പെണ്‍കുട്ടിയെയും പൊലീസ് വിളിപ്പിച്ചു.
തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചുജീവിക്കുമെന്നും വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായവരാണെന്ന പരിഗണനയില്‍ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഇതിനിടയില്‍ ഡോക്ടറുടെ അമ്മ ഇതേ പരാതിയുമായി റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതിയും ഇരുവരെയും വിളിപ്പിച്ച് സത്യാവസ്ഥ അന്വേഷിച്ചു. പീറ്ററിനോടൊപ്പം പോകാനാണ് ആഗ്രഹമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതരായതിന്റെ കോപ്പിയും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications