ആംസ്റ്റര്‍ഡാം: ഹോളണ്ടിലെ അല്‍ഫേന്‍ നഗരത്തിലെ റൈഡര്‍ഹോഫ് ഷോപ്പിങ് മാളില്‍ അക്രമി നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്ക്. അക്രമം നടത്തിയതിനു ശേഷം ഇയാള്‍ സ്വയം വെടിവച്ചു മരിച്ചു. യന്ത്രത്തോക്കുമായി എത്തിയ അക്രമി ജനകൂട്ടത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു. തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് അല്‍ഫേന്‍ നഗരം.
ഒരു പ്രകോപനവുമില്ലാതെയാണ് അക്രമി വെടിവയ്പു നടത്തിയതെന്ന് അല്‍ഫേന്‍ മേയര്‍ ബാസ് ഈന്‍ ഹൂണ്‍ പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് ഉടന്‍ എത്തിയെങ്കിലും വെടിവയ്ക്കുകയായിരുന്ന അക്രമിയെ തടയാന്‍ കഴിഞ്ഞില്ല.
നഗരത്തിലെ മറ്റു മൂന്നു ഷോപ്പിങ് കേന്ദ്രങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന കുറിപ്പ് പിന്നീട് അക്രമിയുടെ കാറില്‍ നിന്നു ലഭിച്ചു. ഇതേതുടര്‍ന്ന് ഈ കടകള്‍ അടിയന്തരമായി അടപ്പിച്ചുവെങ്കിലും പരിശോധനയില്‍ സംശയകരമായതൊന്നും കണ്ടെത്തിയില്ല.