വോട്ടറുടെ മുറിച്ചുമാറ്റിയ കയ്യില്‍ മഷി പുരട്ടി
എരുമേലി: വോട്ടറുടെ മുട്ടിന് താഴെയായി മുറിച്ചുമാറ്റിയ ഇടം കയ്യില്‍ പ്രിസൈഡിങ് ഓഫീസര്‍ നിര്‍ബ്ബന്ധപൂര്‍വ്വം മഷി പുരട്ടിയതായി പരാതി. എരുമേലി കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ കൂടിയായ കണമല സ്വദേശി ആന്റണിയ്ക്കാണ് പോളിങ് ബൂത്തില്‍ ദുരനുഭവമുണ്ടായത്.
ആദ്യം വലതുകൈവിരലില്‍ മഷി പുരട്ടിയെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ അതുപോരെന്നും വലതുകൈ മുറിച്ച ഭാഗത്ത് മഷിപുരട്ടണമെന്നും വാശി പിടിക്കുകയായിരുന്നുവത്രേ. മഷി പുരട്ടുന്നതിനിടയില്‍ പ്രിസൈഡിങ് ഓഫീസര്‍ കളിയാക്കി ചിരിച്ചെന്നും ആന്റണി അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കണമല സാന്‍തോം ഹൈസ്‌കൂളിലെ 155 നമ്പര്‍ ബൂത്തിലാണ് സംഭവം. 1988ല്‍ 11 കെവി ലൈനില്‍ നിന്നു ഷോക്കേറ്റതിനെ തുടര്‍ന്ന് ആന്റണിയുടെ ഇടതുകൈ മുട്ടിനു താഴെ മുറിച്ചു നീക്കിയിരുന്നു. പിന്നീട് വോട്ടു ചെയ്തപ്പോഴൊക്കെ മഷി രേഖപ്പെടുത്തുന്നത് വലതു കൈവിരലിലാണ്.
ബുധനാഴ്ച വോട്ടു ചെയ്യാന്‍ എത്തിയ ആന്റണിയുടെ വലതു കൈവിരലില്‍ ഉദ്യോഗസ്ഥന്‍ മഷി രേഖപ്പെടുത്തി. എന്നാല്‍ ഇടതു കൈയില്‍ത്തന്നെ രേഖപ്പെടുത്തണമെന്നു പ്രിസൈഡിങ് ഓഫിസര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
മുന്‍പുള്ള തിരഞ്ഞെടുപ്പുകളില്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ആന്റണി പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. വോട്ടു ചെയ്യണമെങ്കില്‍ ഇടതു കൈയില്‍ മഷി പുരട്ടിയേ പറ്റൂ എന്നു പ്രിസൈഡിങ് ഓഫിസര്‍ നിര്‍ദേശിച്ചു. ഇടതു കൈ മുറിച്ച ഭാഗത്ത് പ്രിസൈഡിങ് ഓഫിസറുടെ നിര്‍ദേശ പ്രകാരം മഷി പുരട്ടുകയായിരുന്നെന്നും ആന്റണി പറഞ്ഞു. സംഭവം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications