പ്രക്ഷോഭസ്ഥലത്തുവച്ച് രാഹുലിനെ അറസ്റ്റുചെയ്തു

ബുധനാഴ്ച രാത്രി രണ്ടു മണിയോടെയാണ് രാഹുലിനെ ജാമ്യത്തില്‍ വിട്ടത്. സി.ആര്‍.പി.സി. സെക്ഷന്‍ 151 കരുതല്‍ തടങ്കല്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. രാഹുലുനൊപ്പം തന്നെ റീത്താ ബഹുഗുണ ജോഷി, ദിഗ്വിജയ്‌സിങ്, രാജ് ബബ്ബര്‍ എന്നിവരെയും അറസ്റ്റുചെയ്തിട്ടുണ്ട്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന ഭട്ട പര്‍സോല്‍ ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മോട്ടോര്‍ബൈക്കിലാണ് രാഹുല്‍ എത്തിയത്. തന്റെ മൂന്ന് ആവശ്യങ്ങള്‍ യു.പി. സര്‍ക്കാര്‍ അംഗീകരിക്കുന്നതു വരെ ഗ്രാമത്തില്‍ തുടരുമെന്നായിരുന്നു രാഹുലിന്റെ നിലപാട്.
പ്രക്ഷോഭകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് കര്‍ഷകരുടെ മുന്‍കൂര്‍ അനുമതി വാങ്ങുക, സമരത്തിലുള്ള കര്‍ഷകര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിക്കാതിരിക്കുക തുടങ്ങിയവയാണ് രാഹുലിന്റെ ആവശ്യങ്ങള്‍.
ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് ദില്ലിയില്‍ നിന്നും ് പ്രക്ഷോഭം നടക്കുന്ന ഗ്രേറ്റര്‍ നോയ്ഡയിലേക്ക് രാഹുല്‍ പുറപ്പെട്ടത്. സംഘര്‍ഷമേഖലയിലേക്ക് രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയതാണ്. പ്രക്ഷോഭ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി. നേതാവ് രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് രാഹുല്‍ സമരത്തിന്റെ കേന്ദ്രാമയ ഭട്ട പര്‍സോലിലെത്തിയത്. എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ദിഗ്വിജയ് സിങ്ങും പിന്നീട് അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു.
സമാധാനപരമായി സമരത്തിനിറങ്ങിയ തങ്ങളെ പോലീസ് പീഡിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ രാഹുലിനോട് പരാതിപ്പെട്ടു. തുടര്‍ന്നാണ് ചൗപാലില്‍ ധര്‍ണ തുടങ്ങിയത്. രാഹുലിന്റെ സുരക്ഷാഭീഷണി കണക്കിലെടുത്ത് ധര്‍ണ അവസാനിപ്പിക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് വിശാല്‍ സിങ് അദ്ദേഹത്തെ കണ്ട് ആവശ്യപ്പെട്ടു.
എന്നാല്‍ താനുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഗ്രാമത്തില്‍ നിന്ന് മടങ്ങിപ്പോകുന്ന പ്രശ്‌നമില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. യു.പി. സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ നയം ജനവിരുദ്ധമാണെന്നും കോണ്‍ഗ്രസ്സിന്റെ പൂര്‍ണപിന്തുണ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കനത്ത പൊലീസ് ബന്ധവസിലും രാഹുല്‍ പ്രക്ഷോഭസ്ഥലത്ത് കടന്നവെന്ന വാര്‍ത്ത മായാവതി സര്‍ക്കാറിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. നേരത്തേ പല ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നുവെങ്കിലും പ്രക്ഷോഭമേഖലയിലേയ്ക്ക്് കടക്കുന്നതിന് മുമ്പേ ഇവരെയെല്ലാം അറസ്റ്റുചെയ്യുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പ്രക്ഷോഭമേഖലയിലേയ്ക്ക് കടക്കാന്‍ കഴിയുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് രാഹുല്‍.
നോയ്ഡയില്‍ സ്ഥിതിഗതികള്‍ ശാന്തമായി വരികയായിരുന്നുവെന്നും അത് വീണ്ടും ആളിക്കത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമമെന്നും യു.പി. സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. രാഹുല്‍ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി. യും കുറ്റപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications