ഐസ്‌ക്രീം കേസ്: അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ പോളിന്റെ നേതൃത്വത്തില്‍ തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ചൊവ്വാഴ്ച പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യങ്ങളുണ്ടായപ്പോള്‍ മറുപടി നല്‍കാന്‍ കൂട്ടാക്കാതെ അദ്ദേഹം പെട്ടെന്നു കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു.
പാവപ്പെട്ടവര്‍ക്കു നീതി ലഭ്യമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിന് എല്ലാ സ്വാതന്ത്ര്യവും നല്‍കും. ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഇടയിലുളള പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്താന്‍ ഒരു എഡിജിപിയെ ചുമതലപ്പെടുത്തും.
ഇവര്‍ക്കിടയില്‍ ബാഹ്യശക്തികളുടെ കടന്നുകയറ്റം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഈ മേഖലയിലുണ്ടോ എന്ന ചോദ്യത്തിനു പഠിച്ചശേഷം മറുപടി നല്‍കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications