പ്രസിഡന്റ് കാമുകനെ വരിച്ചു; സിപിഎം ചൊടിച്ചു
കൊട്ടാരക്കര: പാര്‍ട്ടിയുടെ സമ്മതം കൂടാതെ കാമുകനെ വിവാഹം ചെയ്ത വനിതാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് സിപിഎം. മൈലം പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ക്കാണ് പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ഇരുപത്തിയഞ്ചുകാരിയായ ഇവര്‍ പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായ ജയനെയാണ് വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു, അഞ്ചുവര്‍ഷം കഴിഞ്ഞേ വിവാഹം പാടുള്ളുവെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നുവത്രേ. ഇത് ലംഘിച്ച് മിനിമോള്‍ ജയനെ വിവാഹം കഴിയ്ക്കുകയായിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
ജയനുമായുള്ള ബന്ധം ലോക്കല്‍ കമ്മിറ്റിയിലെയും ഏരിയാ കമ്മിറ്റിയിലെയും ചില പ്രമുഖര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നു സൂചനയുണ്ട്. കീഴ്ജീവനക്കാരനെ പഞ്ചായത്ത് പ്രസിഡന്റ് വിവാഹം കഴിക്കുന്നതു 'പ്രോട്ടോക്കോള്‍ ലംഘന'മാണെന്നുവരെ പ്രചാരണമുണ്ടായിരുന്നുവത്രേ.
പാര്‍ട്ടി നിര്‍ദ്ദേശം ലംഘിക്കാന്‍ തനിയ്ക്ക് മനസ്സുണ്ടായിരുന്നില്ലെന്ന് മിനിമോള്‍ പറയുന്നു. പക്ഷേ പഞ്ചായത്ത് കാര്യങ്ങള്‍ക്കായി ജയന്‍ ഓടിയ്ക്കുന്ന വണ്ടിയില്‍ മിനിമോള്‍ക്ക് പലപ്പോഴായി പോകേണ്ടതുണ്ട്. ഇത്തരം യാത്രകള്‍ കാരണം ഇരുവരെയും കുറിച്ച് നാട്ടില്‍ കഥകള്‍ പരക്കാന്‍ തുടങ്ങി. അഭിമാനം രക്ഷിക്കാന്‍ ഒടുവില്‍ ഇവര്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മെയ് 22ന് അഞ്ചല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം.
വിവാഹശേഷം മിനിമോള്‍ പഞ്ചായത്തില്‍ വന്നുതുടങ്ങിയപ്പോള്‍ കൊട്ടാരക്കര ഏരിയാ കമ്മിറ്റി ഓഫീസിലേക്കു വിളിപ്പിച്ചാണു രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഉടന്‍ രാജിക്കത്ത് നല്‍കുമെന്ന് മിനിമോള്‍ പറഞ്ഞു. എന്നാല്‍ അംഗത്വം രാജിവയ്ക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറ് മാസം മുമ്പാണ് മിനിമോള്‍ പഞ്ചായത്ത് പ്രസിഡന്റായത്.
എന്നാല്‍, ടി.ടി.സിയും ബിഎഡുമുള്ള മിനിമോള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ ജോലി ലഭിയ്ക്കുമെന്നും അതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നുമാണ് സിപിഎം നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications