മന്ത്രിസ്ഥാനം: ലീഗും മാണിയും അയയുന്നു

ന്യൂനപക്ഷാംഗങ്ങളുടെ എണ്ണം മന്ത്രിസഭയില്‍ ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നകാരണം പറഞ്ഞാണ് കോണ്‍ഗ്രസ് ഇരുപത്തിയൊന്നാമത്തെ മന്ത്രിയ്ക്കായുള്ള ആവശ്യത്തെ എതിര്‍ത്തത്. ഒരു മന്ത്രിയെക്കൂടി കിട്ടില്ലെന്ന് ഉറപ്പായതോടെ ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങളിലേലാണ് മാണിയും ലീഗും കണ്ണുവയ്ക്കുന്നത്.
ഇതില്‍ ചീഫ്‌വിപ്പ് സ്ഥാനം ലീഗിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസിനുമായിട്ടാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാല്‍ പി. സി. ജോര്‍ജിനെ ചീഫ് വിപ്പാക്കണമെന്നാണ് മാണി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തെ എതിര്‍ക്കുന്ന ലീഗ് അഞ്ചാമത്തെ മന്ത്രിയായി തങ്ങള്‍ പ്രഖ്യാപിച്ച് മഞ്ഞളാം കുഴി അലിയ്ക്ക് ഈ സ്ഥാനം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. രണ്ടുപേരും ഇക്കാര്യത്തില്‍ വീട്ടുവീഴ്ചകള്‍ ചെയ്യാനുള്ള സാധ്യതകളുമുണ്ട്. സമവായം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അഞ്ചാമത്തെ മന്ത്രിയായി അലിയുടെ പേരാണ് പ്രഖ്യാപിച്ചിരുന്നത്. അതിനാല്‍ത്തന്നെ അലിയ്ക്ക് ഏതെങ്കിലും ഒരു സ്ഥാനം തരപ്പെടുത്തിക്കൊടുക്കുകയെന്നത് ലീഗിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. ഇല്ലാത്തൊരു മന്ത്രിസ്ഥാനത്തേയ്ക്ക അലിയുടെ പേര് പ്രഖ്യാപിച്ചത് സംബന്ധിച്ച് ലീഗിനുള്ളില്‍ത്തന്നെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
കേരള കോണ്‍ഗ്രസും ലീഗും കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്തിയെന്നും മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുന്നതിന് സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.
എന്തായാലും ഒരു മന്ത്രികൂടി വേണമെന്ന ആവശ്യം ഘടകകക്ഷികള്‍ പിന്‍വലിക്കുന്നതോടെ കോണ്‍ഗ്രസിന് നേരിയ ആശ്വാസമായി. എന്നാല്‍ ഇനി ബാക്കിനില്‍ക്കുന്ന രണ്ടുസ്ഥാനങ്ങളില്‍ രണ്ടുകൂട്ടരും കടുംപിടുത്തം പിടിച്ചാല്‍, പ്രത്യേകിച്ച് ചീഫ് വിപ്പാകണമെന്ന് പിസി ജോര്‍ജ് വാശിപിടിച്ചാല്‍ പ്രശ്‌നങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയും.












Click it and Unblock the Notifications