സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍

സംസ്ഥാന സമിതിയായിരിക്കും കേരളത്തില്‍ എവിടെവെച്ച് നടത്തണമെന്ന് അറിയിക്കുക. ഇതില്‍ കോഴിക്കോടിനാണ് മുന്‍ഗണന ലഭിച്ചിരിയ്ക്കുന്നത്. ഏഴുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനമായതിനാല്‍ ഇവരുടെ യാത്ര, താമസം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും യോഗവേദി നിശ്ചയിക്കപ്പെടുക. കേരളം വേദിയായേക്കുമെന്ന് കേന്ദ്ര കമ്മിറ്റിയംഗമായ വിഎസും മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചു.
ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കേരളത്തില്‍ വെച്ച് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ സപ്തംബറില്‍ തുടങ്ങി ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ സമാപിക്കും.
കേരളം മൂന്നാം തവണയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്. 1968ല്‍ കൊച്ചിയില്‍ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസും പിന്നീട് തിരുവനന്തപുരത്ത് 13ാം പാര്‍ട്ടി കോണ്‍ഗ്രസും നടന്നു.പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് 1988 ഡിസംബര്‍ 27 മുതല്‍ ജനവരി ഒന്ന് വരെയാണ് തിരുവനന്തപുരത്ത് നടന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ് ബംഗാളില്‍ നടത്തണമെന്ന് ഒരു വിഭാഗം വാദിച്ചെങ്കിലും കേരളത്തിന് നറുക്ക് വീഴുകയായിരുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വേദനിക്കുന്ന പാര്‍ട്ടി അണികളെ ആവേശഭരിതരാക്കാന്‍ കോണ്‍ഗ്രസ് അവിടെ നടത്തണമെന്നാണ് ചില അംഗങ്ങള്‍ വാദിച്ചത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളും മറ്റും പരിഗണിച്ചപ്പോള്‍ സുരക്ഷിതമാകില്ല എന്ന നിലപാടില്‍ കേന്ദ്രകമ്മിറ്റി എത്തുകയായിരുന്നു.












Click it and Unblock the Notifications