സൗമ്യയുടെ വസ്ത്രങ്ങള്‍ സഹപ്രവര്‍ത്തക തിരിച്ചറിഞ്ഞു
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യയുടെ സഹോദരന്‍ സന്തോഷിന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയായി.
കഴിഞ്ഞ ദിവസം പ്രൊസിക്യൂഷന്‍ വിസ്താരം നടത്തിയിരുന്നെങ്കിലും ക്രോസ് വിസ്താരം കഴിഞ്ഞിരുന്നില്ല. സൗമ്യ ജോലി ചെയ്തിരുന്ന ഇടപ്പള്ളി ഒബ്‌റോയ് മാളിലെ ഹോം സ്‌റ്റൈല്‍ ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ പ്രജിതയുടെ വിസ്താരവും തിങ്കളാഴ്ച പൂര്‍ത്തിയായി.
സംഭവദിവസം സൗമ്യ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രജിത തിരിച്ചറിഞ്ഞു. സൗമ്യയുടെ വസ്ത്രങ്ങള്‍ കാണിച്ചപ്പോള്‍ പ്രജിത കോടതിയില്‍ പൊട്ടിക്കരഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു നേരത്തേ ഇറങ്ങേണ്ടിയിരുന്നതിനാല്‍ യൂണിഫോമില്‍ തന്നെയാണ് സൗമ്യ യാത്ര തിരിച്ചതെന്നാണു മൊഴി. കൊല്ലപ്പെടുമ്പോഴും സൗമ്യ യൂണിഫോമിലായിരുന്നു. കൊച്ചിയില്‍ പ്രജിതയും സൗമ്യയും ഒരു മുറിയിലാണു താമസിച്ചിരുന്നത്.
സൗമ്യയെപ്പറ്റി കടയിലെ എല്ലാ ജീവനക്കാര്‍ക്കും നല്ല അഭിപ്രായമായിരുന്നുവെന്നും പ്രജിത മൊഴി നല്‍കി. എട്ടു മണി വരെയാണ് ജോലിസമയമെങ്കിലും പെണ്ണു കാണലിനായി നാട്ടില്‍ പോകണമെന്നു പറഞ്ഞ് സൗമ്യ സംഭവ ദിവസം അഞ്ചു മണിക്കു തന്നെ പുറത്തിറങ്ങിയിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
ചേലക്കര പഞ്ചായത്ത് മെംബര്‍ റഷീദിനെയും തിങ്കളാഴ്ച വിസ്തരിച്ചു. പുലര്‍ച്ചെ രണ്ടിന് ഗോവിന്ദച്ചാമിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതു കണ്ടെന്നാണു റഷീദിന്റെ മൊഴി. അറസ്റ്റ് നടക്കുമ്പോള്‍ ഗോവിന്ദച്ചാമി ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രങ്ങളും റഷീദ് തിരിച്ചറിഞ്ഞു. വിസ്താരം ചൊവ്വാഴ്ചയും തുടരും.












Click it and Unblock the Notifications