നിര്‍മ്മാതാവും സംവിധായകനുമായ മണിസ്വാമി അന്തരിച്ചു
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവും സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ മണിസ്വാമി (75) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെ വസതിയില്‍ വച്ചായിരുന്നു മരണം. കവിയൂര്‍ പൊന്നമ്മ അടുത്തുണ്ടായിരുന്നു.
മൂന്നു പതിറ്റാണ്ടോളമായി പിരിഞ്ഞു താമസിച്ച മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും ഏതാനും മാസംമുന്‍പാണു വീണ്ടും ഒരുമിച്ചത്. പാലക്കാട് മഞ്ഞപ്ര സ്വദേശിയായ മണിസ്വാമി വര്‍ഷങ്ങളായി ഗുരുവായൂരിലായിരുന്നു താമസം. രോഗബാധിതനായ മണിസ്വാമിയെ പിന്നീടു കവിയൂര്‍ പൊന്നമ്മ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഗുരുവായൂരില്‍ ആയിരുന്നപ്പോള്‍ മണിസ്വാമി ആത്മകഥാരചനയിലായിരുന്നെങ്കിലും അതു പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. മലയാളചലച്ചിത്രത്തിന്റെ ബ്ലാക്ആന്റ് വൈറ്റ് കാലഘട്ടത്തിലെ വിജ്ഞാനകോശമെന്ന് വിശേഷിപ്പിക്കാവുന്നയാളാണ് മണിസ്വാമി. പഠനം കഴിഞ്ഞ് പിതാവിനൊപ്പം ബിസിനസ് ചെയ്യാന്‍ തുടങ്ങിയ ഇദ്ദേഹം പിന്നീട് സിനിമയെ പ്രണയിച്ച് മദിരാശിയില്‍ എത്തുകയായിരുന്നു.
റോസി ആണ് അദ്ദേഹം ആദ്യമെടുത്ത ചിത്രം. ഇതില്‍ കവിയൂര്‍ പൊന്നമ്മയായിരുന്നു നായിക. പിഎന്‍ മേനോന്‍, പിജെ ആന്റണി, പി ഡേവിഡ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം പൂര്‍ണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാളചിത്രമായിരുന്നു. തലമുറകള്‍ക്കിപ്പുറവും ഹിറ്റായി നിലനില്‍ക്കുന്ന അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെയും നിര്‍മാതാവായിരുന്ന സ്വാമി. രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി എന്നീ സിനിമകള്‍ മണിസ്വാമി തന്നെയാണ് സംവിധാനം ചെയ്തത്. ബിന്ദുവാണ് മണിസ്വാമിയുടെയും കവിയൂര്‍ പൊന്നമ്മയുടെയും ഏക മകള്‍. മരുമകന്‍: വെങ്കിട്ടറാം