ജയിലില്‍ കനിമൊഴി മകനെയോര്‍ത്ത് കരയുന്നു

സിബിഐ അറസ്റ്റുചെയ്തതിന് പിന്നാലെ ജയിലിലെത്തിയ അവര്‍ ആദ്യത്തെ ഒരാഴ്ച നല്ല മനോധൈര്യത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ സുപ്രീം കോടതികൂടി തള്ളിയതോടെ കനിമൊഴി ആകെ തകര്‍ന്ന നിലയിലാണത്രേ.
പത്തുവയസുകാരനായ മകന്‍ ആദിത്യയേയും അമ്മ രാജാത്തി അമ്മാളിനെയും കാണാന്‍ കഴിയാത്തതാണത്രേ കനിമൊഴിയെ ഏറെ അലട്ടുന്നത്.
കനിമൊഴിയുടെ അഭ്യര്‍ഥനപ്രകാരം പ്രത്യേക കോടതി അവര്‍ക്കു കടലാസും പേനയും അനുവദിച്ചിരുന്നു. കവയത്രികൂടിയായ കനിമൊഴി ഏറെനേരവും എന്തെങ്കിലും കുത്തിക്കുറിക്കുന്നതു കാണാമെന്നു പേരു വെളിപ്പെടുത്താത്ത ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജയിലില്‍ ഏറെക്കുറെ മൗനിയായ കനിമൊഴി സംസാരിക്കുന്നത് അധികവും മകനെപ്പറ്റിയാണെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. പത്രങ്ങളും ഇംഗ്ലീഷ്, തമിഴ് സാഹിത്യവും വായിച്ചും ചിലപ്പോഴൊക്കെ ടിവി കണ്ടുമാണ് അവര്‍ സമയം ചെലവഴിക്കുന്നത്. സുരക്ഷ കണക്കിലെടുത്തു തിഹാര്‍ ജയിലിലെ എട്ടാം വാര്‍ഡില്‍ ആറാം നമ്പര്‍ സെല്ലില്‍ ഏകാന്തതടവിലാണു കനിമൊഴി. സെല്ലില്‍ 28 ചാനലുകള്‍ ലഭിക്കുന്ന കേബിള്‍ ടിവി കണക്ഷനുണ്ട്.
ജയിലില്‍ മനുഷ്യത്വരഹിതമായ അന്തരീക്ഷത്തിലാണു കനിമൊഴി കഴിയുന്നതെന്നു പിതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധി ആരോപിച്ചിരുന്നു. എന്നാല്‍, തിഹാര്‍ ജയിലില്‍ തടവുകാര്‍ക്കുള്ള മികച്ച സൗകര്യങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ദില്ലി ഹൈക്കോടതിയും അംഗീകരിച്ചതാണെന്നു ജയില്‍ വക്താവ് സുനില്‍ ഗുപ്ത വ്യക്തമാക്കി.
കനിമൊഴിക്കു ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെങ്കില്‍ ജയിലില്‍ത്തന്നെയുള്ള ഡിസ്‌പെന്‍സറിയില്‍ ചികിത്സ തേടാമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിചാരണത്തടവുകാരിയായതിനാല്‍ ജയിലില്‍ കനിമൊഴിക്കു ജോലി ചെയ്യേണ്ടതില്ലെന്നും അവരെ മെഴുകുതിരി നിര്‍മാണജോലിക്കു നിയോഗിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുനില്‍ ഗുപ്ത വ്യക്തമാക്കി.












Click it and Unblock the Notifications