പൊലീസ് എന്നെ കൊല്ലാന്‍ ശ്രമിച്ചു: രാംദേവ്

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് രാംദേവ് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. താന്‍ തെറ്റുകാരനാണെങ്കില്‍ നാല് മന്ത്രിമാര്‍ എന്തിന് കാണാന്‍ വന്നുവെന്നും പ്രധാനമന്ത്രിയും ധനമന്ത്രിയും എന്തിന് തനിയ്ക്ക് കത്തെഴുതിയെന്നും രാംദേവ് ചോദിച്ചു.
പോലീസ് നടപടിക്കിടെ രാംലീല മൈതാനത്തുവെച്ച് ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രാംദേവിന്റെ അനുയായി രാജ് ബാലയെ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തിനെത്തിയത്.
രാംലീല മൈതാനത്ത് പോലീസെത്തിയത് തന്നെ അറസ്റ്റുചെയ്യാനല്ല, കൊലപ്പെടുത്താനാണെന്ന് രാംദേവ് ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ കൈയിലുണ്ട്. എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാവില്ല.
വേദിയില്‍ പടര്‍ന്ന തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ അനുയായികളെ പോലീസ് ആക്രമിച്ചതെന്ന് രാംദേവ് പറഞ്ഞു. തന്നെ കൊലപ്പെടുത്താനാണ് പോലീസ് അവിടെ തീയിടാന്‍ ശ്രമിച്ചത്. മുമ്പ് അഴിമതിക്കാര്‍ മാത്രമായിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ അക്രമികളുമായി മാറി. ഇവിടെ ജനാധിപത്യവും സ്വാതന്ത്ര്യവും ഇല്ലാതാവുകയാണ്- രാംദേവ് പറഞ്ഞു.
രാംലീല മൈതാനത്ത് പോലീസ് നടപടിക്കിടെ ചില ആളുകള്‍ മദ്യപിച്ചെത്തി തന്റെ അനുയായിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും രാംദേവ് ആരോപിച്ചു. തനിക്കും കൂട്ടാളി ബാലകൃഷ്ണയ്ക്കുമെതിരായ ആരോപണങ്ങളെ രാംദേവ് നിഷേധിച്ചു.
എന്റ കൈയില്‍ കള്ളപ്പണമുണ്ടെങ്കില്‍ സര്‍ക്കാറിന് പിടിച്ചെടുക്കാം. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാം. അഴിമതിക്കെതിരെ പോരാടുന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ജീവിതാവസാനം വരെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടുമെന്നും തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും രാംദേവ് പറഞ്ഞു.












Click it and Unblock the Notifications