ഫിസിക്കല്‍ ട്രെയിനറെ ജിമ്മില്‍ മാനഭംഗപ്പെടുത്തി
ദില്ലി: ഫിസിക്കല്‍ ട്രെയിനറായി ജോലിചെയ്യുന്ന യുവതിയെ ജിമ്മില്‍ വച്ച് പീഡിപ്പിച്ചു. ദില്ലിയിലെ ദ്വാരകയിലെ സെക്ടര്‍ 11 ഡിഡിഐ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ജിമ്മില്‍ വച്ച് ആദ്യം മാനേജരും പിന്നീട് മറ്റൊരു ട്രെയിനറും തന്നെ പീഡിപ്പിച്ചുവെന്നാണ് 24കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ മീററ്റ് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ ജൂലൈ 14വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു താമസിക്കുന്ന മംഗോള്‍പുരിയില്‍ താമസക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്.
അറസ്റ്റിലായവരില്‍ ഒരാളായ അജയ്‍യുടെ സുഹൃത്ത് വഴിയായിരുന്നു യുവതിക്ക് ജിം ട്രെയിനറായി ജോലി ലഭിച്ചത്. പാഷിം വിഹാറിലുള്ള ജിമ്മില്‍ നിന്ന് ജൂണ്‍ 15 നായിരുന്നു യുവതി പരിശീലനത്തിനായി ഇവിടെയെത്തിയത്.
തലവേദന അനുഭവപ്പെട്ടതിനാല്‍ ഉപയോഗിക്കാന്‍ അജയ് യുവതിക്ക് ഉപയോഗിക്കാന്‍ ഒരു വെളുത്ത പൊടി നല്‍കിയിരുന്നു. ഇത് കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട യുവതി വിശ്രമമുറിയില്‍ ഇരിക്കുമ്പോഴായിരുന്നു ഇരുവരും ഉപദ്രവിച്ചത്.
പേടി കാരണം യുവതി ആദ്യം പരാതിപ്പെട്ടില്ല. എന്നാല്‍ ഈ കാര്യം അന്വേഷിക്കാന്‍ ജിമ്മിലെത്തിയ യുവതിയുടെ സുഹൃത്തിനെ അജയും കൂട്ടുകാരനും മര്‍ദ്ദിക്കുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ യുവതി തയ്യാറായത്.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.


Click it and Unblock the Notifications