പ്ലസ്ടു തോറ്റു; പഠനം ഡിഗ്രിക്ലാസില്‍
കൊടുങ്ങല്ലൂര്‍: പ്ലസ്ടുവിന് രണ്ട് വിഷയങ്ങള്‍ തോറ്റ വിദ്യാര്‍ഥിനി ഡിഗ്രിയ്ക്ക് പ്രവേശനം നേടി. തൃശൂര്‍ വെള്ളാങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് വെമ്പല്ലൂര്‍ അസ്മാബി കോളെജില്‍ ഡിഗ്രിയ്ക്ക് പ്രവേശനം നേടിയത്. മാനേജ്‌മെന്റ് കോട്ട വഴിയായിരുന്നു പ്രവേശനം. ഒരു മാസത്തോളം ഡിഗ്രി ക്ലാസിലിരുന്ന വിദ്യാര്‍ഥിനി സേ എഴുതിയെങ്കിലും തോറ്റു.
സേ പരീക്ഷയെഴുതിയവര്‍ക്ക് വിജയിച്ചതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന ചട്ടം മറികടന്നാണ് മാനേജ്‌മെന്റ് സീറ്റില്‍ വിദ്യാര്‍ഥിനിയ്ക്ക് പ്രവേശനം നല്‍കിയത്. സംഭവം പുറത്തായതോടെ ഒന്നാം വര്‍ഷ ബി.എസ്.സി. ബോട്ടണി വിദ്യാര്‍ത്ഥിനിയെ കോളേജില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം നടത്തി. മാനേജ്‌മെന്റ് സീറ്റുകളില്‍ നടക്കുന്ന പ്രവേശനങ്ങളുടെ സുതാര്യത ചോദ്യം ചെയ്യുന്നതാണ് സംഭവമെന്ന് സമരം നടത്തിയവര്‍ ആരോപിച്ചു. ചിലര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇതോടെ വിദ്യാര്‍ഥിനിയെ പുറത്താക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇത് കേവലം 'ക്ലറിക്കല്‍ മിസ്റ്റേക്ക്' ആണെന്നാണ് കോളെജ് അധികൃതരുടെ ഭാഷ്യം. 54 ശതമാനം മാര്‍ക്ക് ലഭിച്ചതായി വിദ്യാര്‍ത്ഥിനി നേരത്തെ ഹാജരാക്കിയ അപേക്ഷയില്‍ കാണിച്ചിരുന്നതിനാലാണ് പ്രവേശനം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് പരിശോധിച്ചപ്പോഴാണ് കുട്ടി പ്ലസ്ടുവിന് രണ്ട് വിഷയത്തിന് തോറ്റവിവരം പുറത്തായതെന്നും ഉടന്‍തന്നെ പെണ്‍കുട്ടിയുടെ പേര് രേഖകളില്‍ നിന്ന് നീക്കിയെന്നും കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കിടെ അലംഭാവം കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോളെജ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications