ഇറച്ചിക്കൊതി മൂലം യുവാവ് 12കാരിയെ കൊന്നു
പൂനെ: ഇറച്ചി വാങ്ങാനുള്ള പണം കണ്ടെത്താനായി യുവാവ് 12 വയസ്സുള്ള പെണ്‍കുട്ടിയെ കൊന്ന യുവാവ് പിടിയിലായി.കിഷോര്‍ എന്നറിയറിപ്പെടുന്ന കൃഷ്ണകാന്ത് ഗയിക്വാദിനെ (31) ആണ് സത്ര പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്.
ഹിന്ദുക്കളുടെ പുണ്യമാസമായ ശ്രാവണ്‍ മാസത്തിനു മുന്‍പ് ഇറച്ചി കഴിക്കാനുള്ള കിഷോറിന്റെ കൊതിയാണ് കൊലപാതകത്തിലേയ്ക്കു നയിച്ചത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ക്ക് കുറച്ചു ദിവസങ്ങളായി വരുമാനം കുറവായിരുന്നു.
ജൂലായ് 29ന് തന്റെ ടാക്‌സിയില്‍ വീട്ടിലേയ്ക്കു വരികയായിരുന്ന കിഷോര്‍ അയല്‍ക്കാരിയായ അന്‍കിത (12) ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്കു വരുന്നത് കണ്ടു. കിഷോര്‍ കാറില്‍ അന്‍കിതയെ കയറ്റി. കിഷോറിനെ മുന്‍പരിചയമുണ്ടായിരുന്നതിനാല്‍ അന്‍കിത കാറില്‍ കയറാന്‍ മടിച്ചില്ല.
എന്നാല്‍ വീട്ടിലേയ്ക്കു പോകുന്നതിനു പകരം കിഷോര്‍ ആളൊഴിഞ്ഞ സ്ഥലത്തു കാര്‍ നിര്‍ത്തി അന്‍കിതയോട്ആഭരണങ്ങള്‍ തനിക്കു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനു തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി അന്‍കിതയെ കൊല്ലുകയായിരുന്നു.
പിന്നീട് തനിക്കൊന്നുമറിയില്ലെന്ന ഭാവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൂടെ കുട്ടിയെ തിരയാനും കൂടി. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ അവസാനമായി കണ്ടത് കിഷോറിന്റെ കൂടെയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ കിഷോറിനെ റിമാന്‍ഡു ചെയ്തു.












Click it and Unblock the Notifications