ആലുവ: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോര്‍ജ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യറിയെ ഭീഷണിപെടുത്തുകയാണ് പിസി ജോര്‍ജ് ചെയ്യുന്നതെന്ന് വിഎസ് ആരോപിച്ചു. ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് അധികാര ദുര്‍വിനിയോഗം ചെയ്യുന്ന പിസി ജോര്‍ജിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.
പാമോയില്‍ കേസ് പരിഗണിയ്ക്കുന്ന തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പികെ ഹനീഫ അധികാരപരിധി ലംഘിയ്ക്കുന്നുവെന്ന് കാണിച്ച് ശനിയാഴ്ച പിസി ജോര്‍ജ് രാഷ്ട്രപതിയ്ക്ക് കത്തെഴുതിയിരുന്നു. തെറ്റായ നിയമോപദേശം ലഭിച്ചതിനാലാണ് പിസി ജോര്‍ജ് ഇത്തരമൊരു നടപടിയ്ക്ക് മുതിര്‍ന്നതെന്ന് വിഎസ് പറഞ്ഞു. ജോര്‍ജിന്റെ നടപടി വെറും മഠയത്തരമാണ്. അതിസാമര്‍ഥ്യം കാണിക്കാനാണ് ജോര്‍ജിന്റെ ശ്രമമെന്നും വിഎസ് ആരോപിച്ചു.
അതേസമയം പിസി ജോര്‍ജിന്റെ നടപടി തികച്ചും വ്യക്തിപരമാണെന്നും കോണ്‍ഗ്രസിനോ യുഡിഎഫിനോ അതില്‍ യാതൊരു പങ്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Opposition leader V S Achuthanandhan has demanded resignation of P C George for misusing his official position as Government chief whip. VS alleged that George is trying to intimidate the judiciary.