കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില; പ്രതിഷേധം കത്തിപ്പടരുന്നു

  • By Ajith Babu
Google Oneindia Malayalam News

Police car burn
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ സംസ്ഥാനമെങ്ങും പ്രതിഷേധം വ്യാപകം. തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പി.എസ്.സിയുടെതടക്കം രണ്ട് സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. കുന്നുകുഴിയിലും ജനറല്‍ ആസ്പത്രി പരിസരത്തുമാണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍കത്തിച്ചത്.

ഇതിനിടെ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിലും അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

കോഴിക്കോടും കണ്ണൂരും കൊല്ലത്തും തീവണ്ടി തടയല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ജനറല്‍ ആശുപത്രിക്ക് മുന്നിലാണ് സര്‍ക്കാര്‍ വാഹനം തീയിട്ടത്. പിഎംജി ജംഗ്ഷനില്‍ പോലീസ് വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം നടന്ന അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് വ്യക്തമായിട്ടില്ല.

എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആദ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കോലവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ഇതേ സമയം ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐക്കാര്‍ പ്രകടനമായെത്തി. പോസ്റ്റോഫീസിന് മുന്നില്‍ പോലീസ് നിലയുറപ്പിച്ചിരുന്നെങ്കില്‍ എണ്ണത്തില്‍ കുറവായിരുന്ന ഇവരെ മറികടന്ന് പ്രതിഷേധക്കാര്‍ പോസ്റ്റോഫീസ് വളപ്പിലേക്ക് കയറുകയായിരുന്നു.

പോസ്റ്റോഫീസിന്റെ ജനല്‍ചില്ലുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. തുടര്‍ന്ന് പ്രതിഷേധക്കാരെ നീക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ചെടിച്ചട്ടികൊണ്ടുള്ള അടിയേറ്റ് പേട്ട സിഐ പ്രകാശിന് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരേ ജലപീരങ്കിയും പ്രയോഗിച്ചു. ഏറെപണിപ്പെട്ടാണ് പ്രതിഷേധക്കാരെ പൊലീസ് പോസ്റ്റ് ഓഫീസ് വളപ്പില്‍ നിന്നും പുറത്താക്കിയത്.

ഇതിനിടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. ഡിവൈഎഫ്‌ഐക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയറിഞ്ഞ് യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ നിന്നും പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് കോളജിനകത്തേക്ക് കയറി വിദ്യാര്‍ഥികളെ ഭയപ്പെടുത്താന്‍ ഗ്രനേഡ് പ്രയോഗിച്ചു.

കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പൊലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശിവന്‍കുട്ടി എം.എല്‍.എ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി. ഐ.ജി. പത്മകുമാര്‍ സ്ഥലത്തെത്തി ചര്‍ച്ചനടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് എസ്എഫ്‌ഐ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. . പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി. ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കണ്ണൂര്‍ തലശേരിയില്‍ മംഗലാപുരം-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴിക്കോട് സിഐടിയു നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഒരു മണിക്കൂറോളം പണിമുടക്കി റോഡ് ഉപരോധിച്ചു. കൊല്ലത്തും പ്രതിഷേധം ഉണ്ടായി.

അതിനിടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയന്‍ തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സൂചനാപണിമുടക്കാണ് തിങ്കളാഴ്ച നടക്കുക. ഇതിനു ശേഷം വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ നടത്തുമെന്നും സംഘടന അറിയിച്ചു.

English summary
Left Democratic Front (LDF) has called a 12-hour hartal tomorrow in capital city as a protest against the recent increase in petrol prices and the police action on SFI and DYFI activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X