ദീപാവലിക്ക് സ്വര്‍ണത്തിന്റെ വെടിതീരുമോ?

ഈ ആഴ്ചയില്‍ 700 രൂപയുടെ നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായിട്ടുള്ളത്. ആഭ്യന്തരവിപണിയില്‍ 24കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് 26520 രൂപയും, 22 കാരറ്റ് പത്തുഗ്രാമിന് 24800രൂപയുമാണ് വില. ആഭ്യന്തരവിപണിയില്‍ ഡിമാന്റ് കൂടുതലാണെങ്കിലും ആഗോളവിപണിയിലെ ഇടിവാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധി തന്നെയാണ് പ്രധാനകാരണം.
ഓഹരി വിപണിയിലുണ്ടാവുന്ന നഷ്ടം ഹെഡ്ജ് ചെയ്യുന്നതിനുവേണ്ടി ആളുകളും സ്ഥാപനങ്ങളും പണമൊഴുക്കിയതാണ് കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിച്ചത്. യൂറോപ്യന്‍ കടക്കെണിക്ക് പരിഹാരം തേടി ഉച്ചക്കോടി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും രാജ്യങ്ങള്‍ തമ്മില്‍ സമവായത്തിലെത്താത്തത് എല്ലാ തരം നിക്ഷേപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഉത്തേജകപാക്കേജിന്റെ കാര്യത്തില്‍ ജര്‍മനിയും ഫ്രാന്‍സും ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
അതിനിടെ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ സ്ലോവാനിയയുടെ ക്രെഡിറ്റ് റേറ്റിങില്‍ കുറവ് വരുത്തിയത് യൂറോയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ യൂറോയെ മറികടന്ന് ഡോളര്‍ നേരിയ ആധിപത്യം നേടിയതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായി. ഡോളറിന്റെ വില കൂടുന്നതിനാല്‍ സ്വര്‍ണം വാങ്ങുന്നതിന് ചെലവേറുന്നുമുണ്ട്. ആഗോള വിപണി പരിഗണിക്കുകയാണെങ്കില്‍ എല്ലാതരം നിക്ഷേപകരും ആശങ്കയിലാണ്.
സ്വര്‍ണം വാങ്ങുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൂടുതലാണ്. കൈയിലുള്ള സ്വര്‍ണം വിറ്റൊഴിവാക്കി സുരക്ഷിതമായി നില്‍ക്കാന്‍ ചിലര്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സജീവമാകുമെന്നും എല്ലാവിപണികളും താഴോട്ടിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു. എന്തായാലും ഞായറാഴ്ച നടക്കുന്ന ഉച്ചക്കോടി നിര്‍ണായകമാണ്.












Click it and Unblock the Notifications