മുംബൈ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ സാമ്പത്തിക പാക്കേജില്‍ ഒപ്പിട്ടതും പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്നതിനാല്‍ അടുത്ത സാമ്പത്തിക അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും സമീപകാലത്ത് അമേരിക്കയില്‍ നിന്നു പുറത്തുവരുന്ന മെച്ചപ്പെട്ട സാമ്പത്തിക റിപ്പോര്‍ട്ടുകളും ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ കരുത്താര്‍ജ്ജിക്കുന്നതുമെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ പച്ചപുതപ്പിച്ചു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 330.25 പോയിന്റുയര്‍ന്ന് 17193.55ലും ദേശീയ സൂചികയായ നിഫ്റ്റി 111.95 വര്‍ധിച്ച് 5199.25ലും ക്ലോസ് ചെയ്തു.
ടാറ്റാ ഗ്ലോബല്‍ ബിവറേജ്, ഹാവെല്‍സ് ഇന്ത്യ, ബാറ്റാ ഇന്ത്യ, അരബിന്ദോ ഫാര്‍മ, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം മരുന്നു കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യ, എസ്സാര്‍ ഓയില്‍, ജെഎസ്ഡബ്ല്യു,പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.