കടലില്‍ 2 മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു
കൊല്ലം: നീണ്ടകരയ്ക്ക് പതിന്നാല് നോട്ടിക്കല്‍ മൈല്‍ (ഏതാണ്ട് 70 കിലോമീറ്റര്‍)അകലെ കപ്പലില്‍നിന്നുള്ള വെടിയേറ്റ് കൊല്ലത്തുനിന്ന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് നാലിനാണ് സംഭവം.
മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചലിനടുത്തുള്ള എരമത്തുറ സ്വദേശിയായ പിങ്കു എന്നിവരാണ് മരിച്ചത്. എണ്ണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഫുജൈറയില്‍ നിന്നും വരികയായിരുന്ന ഇറ്റാലിയന്‍ എണ്ണടാങ്കര്‍ എന്റിക്ക ലെക്‌സിയില്‍ നിന്നാണ് വെടിവയ്പുണ്ടായത്.
പൂത്തുറ സ്വദേശി ഫ്രെഡിയുടെ സെന്റ് ആന്റണീസ് ബോട്ടില്‍ നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് മരിച്ചവര്‍ രണ്ടുപേരും. പതിനൊന്നു പേര്‍ ബോട്ടിലുണ്ടായിരുന്നു.
കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് വിദേശ ചരക്കുകപ്പലില്‍നിന്ന് വെടിയുതിര്‍ത്തതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്റിക്കാലക്‌സി എന്ന ഇറ്റാലിയന്‍ ചരക്കു കപ്പലാണിതെന്ന് നേവി വൃത്തങ്ങള്‍ അറിയിച്ചു. സി.ജി.എസ്.സമര്‍, സി.ജി.എസ്.ലക്ഷ്മിഭായി എന്നീ ബോട്ടുകളും ഹെലികോപ്ടറും ഉപയോഗിച്ച് തീരസേന നടത്തിയ തിരച്ചിലില്‍ വെടിയുതിര്‍ത്ത കപ്പല്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ കൊച്ചിയിലേക്ക് അടുപ്പിയ്ക്കാന്‍ നിര്‍ദ്ദേശവും നല്‍കി.
ബോട്ടിലുണ്ടായിരുന്ന മിക്കവരും ആ സമയം ഉറക്കത്തിലായിരുന്നു. ശബ്ദംകേട്ട് ഉണര്‍ന്നവര്‍ കണ്ടത് കൂടെയുള്ളവരില്‍ രണ്ടുപേര്‍ രക്തത്തില്‍ കുളിച്ച് മരിച്ചു കിടക്കുന്നതായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി നീണ്ടകരയില്‍നിന്ന് പോയത്. ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ ഇവര്‍ മടങ്ങി വരാറുള്ളൂ. എന്നാല്‍ വെടിവെപ്പും മരണവുമുണ്ടായതിനാല്‍ അവര്‍ ഉടന്‍തന്നെ നീണ്ടകരയിലേക്ക് മടങ്ങി.












Click it and Unblock the Notifications