ആസ്വാദകര്‍ക്ക് വിരുന്നായി തൃശൂര്‍ പൂരം

പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ എഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഏഴരയോടെ തന്നെ തിരുവമ്പാടി ഭഗവതി പൂരപ്പറമ്പിലേയ്ക്ക് എഴുന്നള്ളും. അതേസമയം പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് പന്ത്രണ്ട് മണിയ്ക്കാണ്. പതിനഞ്ചാനകളുമായി വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം വഴി രണ്ടുമണിയോടെ പാറമേക്കാവ് ദേവി പടിഞ്ഞാറേ തിരുമുറ്റത്തെത്തും.
ഉച്ചയ്ക്ക് രണ്ടു മണിയോടെ വടക്കുന്നാഥ സന്നിധിയില്‍ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാവും. മുന്നൂറോളം കലാകാരന്‍മാരാണ് മേളത്തില്‍ പങ്കെടുക്കുക. ഇരുദേവിമാരും വടക്കുന്നാഥനെ വന്ദിച്ച് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുന്നതോടെ തെക്കോട്ടിറക്കം ആരംഭിക്കും.
തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച ശക്തന്‍ തമ്പുരാന്റെ പ്രതിമയെ വലംവച്ചതിന് ശേഷം പാറമേക്കാവിലമ്മയുടെയും തിരുവമ്പാടി ഭഗവതിയുടെയും കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് 5.30ഓടെ കുടമാറ്റം. ബുധനാഴ്ച പുലര്‍ച്ചെ വടക്കുന്നാഥ സന്നിധിയിലേയ്ക്ക് വീണ്ടും എഴുന്നള്ളുന്ന ദേവിമാര്‍ 12ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് സമാപനമാവും.


Click it and Unblock the Notifications