പെയിന്റിങ് വാര്‍ത്ത തെറ്റെന്ന് :എലിസബത്ത്
ദില്ലി: പ്രതിരോധമന്ത്രി എകെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പെയിന്റിങുകള്‍ 28 കോടി രൂപ കൊടുത്ത് വാങ്ങിയെന്ന ഇന്ത്യാടുഡേ റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിഷേധിച്ചു. ചിത്രങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ മാത്രമാണ് വിലയായി നല്‍കിയിട്ടുള്ളത്. വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയാന്‍ പത്രം തയ്യാറാകണമെന്ന് അതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു.

വ്യാജവാര്‍ത്തയ്‌ക്കെതിരേ എലിസബത്ത് ആന്റണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡിസംബര്‍ 5 മുതല്‍ 21 വരെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന നടന്ന പ്രദര്‍ശനത്തില്‍ 24 ചിത്രങ്ങളാണുണ്ടായിരുന്നത്. ഇത് മൊത്തം 16 ലക്ഷത്തിനാണ് വില്‍പ്പനയായത്. അതില്‍ നാലെണ്ണമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയത്.
നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന ചിത്രം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിറ്റതല്ല. 95000 രൂപയ്ക്ക് ഒരു വ്യക്തിയാണ് ആ ചിത്രം വാങ്ങിയിട്ടുള്ളത്. 2.5 ലക്ഷമാണ് അതോറിറ്റി വിലയായി നല്‍കിയത്. ഈ പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിത്-പോസ്റ്റ് വ്യക്തമാക്കി.
അഴിമതി ആരോപണങ്ങളില്‍ മുങ്ങി കുളിച്ച യുപിഎ സര്‍ക്കാറിലെ പ്രമുഖരില്‍ ആന്റണി മാത്രമാണ് അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമാകാത്തത്. എട്ടുചിത്രങ്ങള്‍ക്ക് 28 കോടി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ഒഴുകിയത്. ഇന്ത്യാടുഡേ പ്രതിനിധിയുടെ ചോദ്യങ്ങള്‍ക്ക് എലിസബത്തില്‍ നിന്നോ അതോറിറ്റി കേന്ദ്രങ്ങളില്‍ നിന്നോ വ്യക്തമായ പ്രതികരണം ലഭിക്കാതെപോയതാണ് വിവാദമാകാന്‍ കാരണം.
ചിത്രകല രംഗത്ത് അത്രയൊന്നും പ്രശസ്തയല്ലാത്ത ആന്റണിയുടെ ഭാര്യയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോടികണക്കിനു രൂപ നല്‍കിയെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്തു.












Click it and Unblock the Notifications