കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം പത്തുകഴിഞ്ഞാല്‍ കേരളം മുഴുവന്‍ കാടാകും

Google Oneindia Malayalam News

Binoy-Ganesh
പണ്ട് യോദ്ധാ എന്ന സിനിമയില്‍ ജഗതി ശ്രീകമാറിന്റെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം ''ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോടേയ്...'' എന്ന് നീട്ടിപ്പറഞ്ഞതിന് പത്തുകൊല്ലം കഴിഞ്ഞാല്‍ അല്‍പം ഭേദഗതി വരുത്തേണ്ടി വരും. ഇക്കണക്കിന് കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ പത്തുവര്‍ഷത്തിന് ശേഷം ഒരാള്‍ തന്റെ വീട്ടുമുറ്റത്ത് ഇറങ്ങി ''ഈ കേരളം മുഴുവന്‍ ഫോറസ്റ്റായല്ലോ'' എന്ന് തലയില്‍ കൈവച്ച് പറഞ്ഞാല്‍ അതിശയിക്കേണ്ട കാര്യമില്ല. കാരണം കേരളത്തില്‍ വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ വളര്‍ന്നുപന്തലിച്ചാല്‍ കേരളം മാത്രമല്ല അതിര്‍ത്തി കടന്ന് തമിഴ്‌നാടും കര്‍ണാടകവും മൊത്തമായി ചിലപ്പോള്‍ ഫോറസ്റ്റായി മാറിയെന്ന് വരും.

ഇക്കൊല്ലം സംസ്ഥാന വനംവകുപ്പിന്റെ കണക്കനുസരിച്ച് ആറുകോടി വൃക്ഷത്തൈകളാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെമ്പാടും വിതരണം ചെയ്യുകയും വച്ചുപിടിപ്പിക്കുകയും ചെയ്തത്. നാട്ടിലെ പ്രകൃതിസ്‌നേഹികളുടെ മാത്രമല്ല സകലമാന പഞ്ചായത്ത് മെമ്പര്‍മാരുടെ വരെ ഫോട്ടോകള്‍ പത്രത്താളുകളില്‍ അച്ചടിച്ചുവന്നു. മരം നടുന്നത്, നടുന്ന മരത്തിനൊപ്പം നില്‍ക്കുന്നത്, മരം നട്ട് വെള്ളമൊഴിക്കുന്നത്, മരത്തൈ വിതരണം ചെയ്യുന്നത്, മരത്തൈ വിതരണം ചെയ്തുകഴിഞ്ഞ് പ്രസംഗിക്കുന്നത് എന്നിങ്ങനെ എത്രയോ പോസുകളില്‍ എത്രായിരം ഫോട്ടോകളാണ് മരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി പക്ഷാചരണത്തിലുമായി അടിച്ചുവന്നത്!

റോഡരികിലും മറ്റ് പൊതുസ്ഥലങ്ങളിലും മരം വച്ചുപിടിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ദിവംഗതനായ കെ കരുണാകന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോഴാണ്. അദ്ദേഹത്തിന്റെ കാലത്ത് വച്ചുപിടിപ്പിച്ച മരങ്ങള്‍ വളര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ റോഡരികില്‍ നില്‍പ്പുണ്ട്. പിന്നീട് മരസ്‌നേഹിയെന്ന് വ്യാപകമായി അറിയപ്പെട്ടത് മുന്‍സര്‍ക്കാരിന്റെ കാലത്ത് വനംമന്ത്രിയായിരുന്ന ശ്രീമാന്‍ ബിനോയ് വിശ്വമാണ്.

അദ്ദേഹമാണ് സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യാപകമായ തോതില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും വച്ചുപിടിപ്പിക്കുന്നതിനുമുള്ള നടപടികളെടുത്തത്. അദ്ദേഹം വനംമന്ത്രിയായിരുന്ന അഞ്ചുകൊല്ലം കൊണ്ട് അതാണ്ട് 30 കോടി മരത്തൈകളാണ് കേരളത്തില്‍ എമ്പാടും വച്ചുപിടിപ്പിച്ചത്. വനംവകുപ്പില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കരുത്താര്‍ജ്ജിച്ചു. അവരാണ് വനംവകുപ്പിന്റെ ജില്ലാതല നഴ്‌സറികളില്‍ മരക്കുരു പാകി തൈകളാക്കിയത്. ഫോറസ്റ്റ് വകുപ്പ് നേരിട്ടും സന്നദ്ധ സംഘടനകള്‍ വഴിയും സ്‌കൂളുകള്‍ വഴിയും വായനശാലകള്‍ വഴിയും ഇവ വിതരണം ചെയ്യും.

മരക്കുരു പാകാനും മരത്തൈ വളര്‍ത്താനും സോഷ്യല്‍ ഫോറസ്ട്രിയിലെ ഉദ്യോസ്ഥര്‍ ഇപ്പോഴും മത്സരിക്കുകയാണ്. ഇത് കൂടാതെ എന്റെ മരം പദ്ധതി എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വളര്‍ത്താന്‍ ഓരോ 'ഓമനമര'ങ്ങളും നല്‍കി. സ്‌കൂളുകളില്‍ വിതരണം ചെയ്ത മരത്തൈ കുട്ടികള്‍ തങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി വളരെ പ്രധാനപ്പെട്ട ഒരിടത്ത് അത് നട്ട് വെള്ളമൊഴിച്ച് വളര്‍ത്തും. ഓരോ ഇലയും വിരിയുമ്പോള്‍ കുറിച്ചുവയ്ക്കാന്‍ ഓരോ ഡയറിയും എല്ലാവര്‍ക്കും നല്‍കി. മരമില്ലെങ്കിലും ഡയറികള്‍ പലകുട്ടികളുടെയും വീട്ടില്‍ ഇപ്പോഴുമുണ്ട്.

ബിനോയ് വിശ്വം അഞ്ചുവര്‍ഷം തികച്ച് കസേര മാറിക്കൊടുത്തത് താരമന്ത്രിയായ ഗണേഷ്‌കുമാറിനാണ്. അദ്ദേഹവും മരസ്‌നേഹത്തിന് ഒട്ടും കുറവ് വരുത്തിയില്ല. അദ്ദേഹം മന്ത്രിയായശേഷം ആദ്യമെത്തിയ പരിസ്ഥിതി ദിനത്തിലും ഒട്ടും കുറയ്ക്കാതെ ആറ് കോടി മരത്തൈകള്‍ കേരളത്തില്‍ വച്ചുപിടിപ്പിക്കാന്‍ വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി നല്‍കി. മാത്രമല്ല പരിസ്ഥിതി സ്‌നേഹികളുടെ ഉള്ളുതുറന്നുകാട്ടി ചില ഡയലോഗുകള്‍ മന്ത്രിയുടെ വായില്‍നിന്ന് വന്നതും പരിസ്ഥിതിദിനാചരണത്തെ കൊഴുപ്പിച്ചു.

മണ്ണും വായുവും വെള്ളവും മലിനമാകുന്ന നമ്മുടെ നാട്ടില്‍ മരങ്ങള്‍ വേണ്ടെന്ന് ആരും പറയില്ല. പണ്ട് വല്ല്യപ്പൂപ്പന്മാര്‍ കുഴിച്ചിട്ട മരങ്ങളില്‍ നിന്നാണ് ഈ തലമുറ ചക്കയും മാങ്ങയും തേങ്ങയും പറിക്കുന്നത്. വെട്ടിവീഴ്ത്തി കട്ടിലും കട്ടളയും ജനലും വാതിലും പണിയുന്നത്. അടുത്ത തലമുറയ്ക്ക് വേണ്ടി പ്ലാവും മാവും തെങ്ങും ആഞ്ഞിലിയും തേക്കും മഹാഗണിയും ചന്ദനവുമൊക്കെ വേണം. അതിനാല്‍ ഈ തലമുറയെ മരംവച്ചുപിടിപ്പിക്കലിലേക്ക് നയിക്കുന്നതില്‍ ആര്‍ക്കും തെറ്റുപറയാനാകില്ല.

എന്നാല്‍ ഒരേയൊരു സംശയം മാത്രം. ഇത്രയും കാലം വച്ചുപിടിപ്പിച്ച മരങ്ങളൊക്കെ എവിടെ? കഴിഞ്ഞ അഞ്ചുകൊല്ലം കുഴിച്ചുവച്ച മരങ്ങള്‍ മാത്രം വളര്‍ന്നാല്‍ കേരളം മുഴുവന്‍ കാടാകും. എന്നിട്ട് ഈ കേരളം കാടായോ? എവിടെപ്പോയി കുഴിച്ചുവച്ച് ഈ മരങ്ങളെല്ലാം? ഇതിന് വേണ്ടി പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയ കോടാനുകോടികള്‍ ആരുടെ പോക്കറ്റിലേക്കാണ് പോയത്? ഇതിന് വ്യക്തമായ കണക്കുണ്ടോ? എല്ലാക്കൊല്ലവും ഈ തട്ടിപ്പ് തുടരാനാണോ വനംവകുപ്പിന്റെ ഉദ്ദേശം? അതിന് കൂട്ടുനില്‍ക്കാനാണോ വനംമന്ത്രിമാരുടെ ഭാവം? കേരളത്തില്‍ കാടുണ്ടാക്കുകയായിരുന്നോ ഈ കാട്ടുകള്ളന്മാരുടെ ലക്ഷ്യം. വീരപ്പന്‍ ഇവരേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്ന് നമ്മുടെ മരത്തൈ കൃഷിക്കാരുടെ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായൊരന്വേഷണം വരികയാണെങ്കില്‍ അറിയാനാകും.

ആഫ്രിക്കയിലെ കെനിയയില്‍ വെറും പത്തുലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് പരിപാലിച്ച് ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനം കരുപ്പിടിപ്പിച്ച വാന്‍ഗാരി മാതായിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ലോകം അവരെ വാഴ്ത്തി. എന്നാല്‍ 30 കോടിയിലേറെ മരങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വച്ചുപിടിപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ പെരുപ്പിച്ച നമ്മുടെ വീരന്മാര്‍ക്ക് എന്ത് പുരസ്‌കാരമാണ് നല്‍കേണ്ടത്?

English summary
World Environment Day, tree planting campaign by kerala forest department want to analyse. Whats happeneing to the plants? How much planting? Is this realy for Green Earth Campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X