പച്ച ബ്ലൗസ് ഉത്തരവിനെതിരെ വ്യാപകപ്രതിഷേധം
കൊച്ചി: വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപകപ്രതിഷേധം. ഈ വാര്‍ത്ത പുറത്തുവന്നയുടനെ ഉടന്‍ കെ.എസ്.ടി.എ. അടക്കമുള്ള പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വകുപ്പിനെ ലീഗ്‌വല്‍ക്കരിക്കുകയാണെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും കെ എസ് ടി എ നേതാവ് ഷാജഹാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്ത് മാറ്റണമെന്ന് ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടപടിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ പി എസ് ടി യുവും എതിര്‍പ്പുമായെത്തി.
പച്ചസാരി വിവാദം സി.പി.എമ്മിന്റെ മഹിളാ സംഘടനകളും എസ്.എഫ്.ഐയും അധ്യാപകസംഘടകളും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റതു മുതല്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഇത്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നീറുന്ന പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനുള്ള ഗൂഡശ്രമത്തിന്റെ നീക്കമാണെന്നും ആരോപണമുണ്ട്.
പച്ച ബ്ലൌസ് വിവാദത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശനും ലീഗിനെ ശക്തമായി വിമര്‍ശിച്ചു. ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റണമെന്ന് അന്നേ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. പച്ച നല്ല നിറവും പ്രകൃതിയുടെ നിറവുമാണ്. പക്ഷെ ലീഗ് ഇത് നടപ്പാക്കുമ്പോള്‍ അവരുടെ കൊടിയുടെ നിറം കൂടിയാണ്. പച്ച നല്ല നിറമാണ് പക്ഷെ അത് ഇരിക്കേണ്ടിടത്ത് ഇരിക്കുമ്പോള്‍ മാത്രമാണ് ഭംഗിയെന്നും ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും പച്ച ടീച്ചര്‍ വിവാദം പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പ്രതിഫലിയ്ക്കുന്നുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അടങ്ങുന്ന പോസ്റ്റുകളുമായാണ് ഫേസ്ബുക്കില്‍ പ്രതിഷേധം ഉയരുന്നത്.
ഇതിന്റെ പ്രതിഫലനങ്ങള്‍ പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിലും പടര്‍ന്നു. കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളുമായാണ് നെറ്റ് വര്‍ക്കിലെ പ്രതിഷേധം. 'റബ്ബ് സാറെ, ഇങ്ങനെ മതിയോ വേഷം.....' എന്ന അടിക്കുറിപ്പോടെ പച്ചക്കരയുള്ള സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ് നില്‍ക്കുന്ന നടി മീര ജാസ്മിന്റെ ചിത്രമാണ് ഇതിലൊന്ന്. മറ്റു ചില പോസ്റ്റുകള്‍ അശ്ലീലപരാമര്‍ശങ്ങള്‍ ഉള്ളതുമാണ്.
അതേസമയം ടിപി ചന്ദ്രശേഖന്‍ വധത്തെ തുടര്‍ന്ന് സിപിഎം നേരിടുന്ന ആഭ്യന്തര പ്രതിസന്ധി മറികടക്കാനാണ് പച്ച ബ്ലൗസ് വിവാദം ചിലര്‍ വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങങ്ങളുടെ ആരോപണം.












Click it and Unblock the Notifications