കാവല്‍ക്കാരനെ കൊന്ന് ക്ഷേത്രകവര്‍ച്ച
പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ചയ്ക്കിടെ കൊലപാതകം. ക്ഷേത്രത്തിന്റെ കാവല്‍ക്കാരന്‍ ഗോപാലകൃഷ്ണ കൈമളാണ് മരിച്ചത്. ക്ഷേത്രത്തിനു സമീപത്തെ കനാലിന്റെ തൂണില്‍ കെട്ടിയിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണു മോഷണം നടന്നതെന്നു പൊലീസ്. ക്ഷേത്രത്തിന്റെ മറ്റൊരു കാവല്‍ക്കാരന്‍ പാറയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരനെ കൈയും കാലും ബന്ധിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ വായില്‍ തുണി തിരുകിയിരുന്നതായി പൊലീസ് പറഞ്ഞു. ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണം പൂശിയ താഴികക്കുടം മോഷണം പോയതായി പൊലീസ് അറിയിച്ചു. ഇറീഡിയത്തിന്റെ അംശമുള്ള താഴികക്കുടമാണ് മോഷണം പോയതെന്ന് സൂചനയുണ്ട്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. കീഴ്‌വായ്പൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി.
പത്തനംതിട്ട എസ് പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട ഗോപാലകൃഷ്ണ കൈമള്‍ ഏഴു വര്‍ഷമായി ക്ഷേത്രത്തില്‍ താമസിച്ചു വരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications