തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് താനടക്കമുള്ള സിപിഎം എംഎല്‍എമാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ചോര്‍ത്തുന്നുവെന്ന് എളമരം കരീം. ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ പൊലീസിന് അധികാരം നല്‍കിയിട്ടുണ്ടോ എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും കരീം നിയമസഭയില്‍ ആവശ്യപ്പെട്ടു. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കരീം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
എന്നാല്‍ എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്താന്‍ പോലീസിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു. എളമരം കരീമിന്റെ പരാമര്‍ശം പരാതിയായി കണക്കാക്കി അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ചില ഇടത് തീവ്രവാദ സംഘടനകളും മത തീവ്രവാദ സംഘടനകളും സംസ്ഥാനത്ത് സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.