ജേര്‍ണലിസ്റ്റ് കോളനി, നിര്‍ണായക യോഗം വ്യാഴാഴ്ച

ഫ്ളാറ്റുകളുടെ വില തിരിച്ചടച്ചില്ലെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും എന്‍ സി സി നഗര്‍ പത്രപ്രവര്‍ത്തക കോളനിയിലെ 54 ഫഌറ്റുകളില്‍ 43 ഫഌറ്റുകള്‍ പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചത് 2003ന് ശേഷമാണെന്നും അതുകൊണ്ടുതന്നെ ഫ്ളാറ്റ് അനുവദിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തീയതിയില്‍ പലിശ നല്‍കണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് തന്നെ ജേര്‍ണലിസ്റ്റ്‌സ് കോളനി അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും ഭാരവാഹികള്‍ ഈ സംഭവത്തെ ന്യായീകരിച്ചിരുന്നു.
ന്യായവിലയും ഫഌറ്റ് അനുവദിച്ച തീയതി മുതലുള്ള പലിശയും ഈടാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് അസോസിയേഷന്‍ പലതവണ നിവേദനങ്ങളിലൂടെയും അധികൃതരുമായി ചര്‍ച്ചകളിലൂടെയും അഭ്യര്‍ഥിച്ചു. ഈ ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊണ്ടില്ലെന്നും അതിനാല്‍ ഫ്ളാറ്റുകളുടെ അടവ് കുടിശ്ശികയായി മാറിയതാണെന്നും സര്‍ക്കാര്‍ കൃത്യമായ വില നിശ്ചയിച്ചാല്‍ തുക തിരിച്ചയ്ക്കാമെന്നുമാണ് കോളനിയിലെ താമസക്കാരായ പത്രപ്രവര്‍ത്തകരും അവരുടെ അസോസിയേഷനും പത്രപ്രവര്‍ത്തക യൂണിയനും വ്യക്തമാക്കിയത്.
1150 സ്‌ക്വയര്‍ഫീറ്റുള്ള മൂന്നു കിടപ്പുമുറി ഫഌറ്റിനും 840 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ട് കിടപ്പുമുറി ഫഌറ്റിനും 13,000 രൂപയിലേറെയാണ് പ്രതിമാസ തിരിച്ചടവ് തുകയായി നിശ്ചയിച്ചത്. തുടക്കത്തില്‍ ഫഌറ്റ് ലഭിച്ചവര്‍ 25 ശതമാനം ഇനിഷ്യല്‍ പേയ്‌മെന്റായി മൂന്നു ലക്ഷത്തിലേറെ രൂപ അടച്ചതാണ്. ഫഌറ്റ് എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ പിന്നീട് ഈ തുക ഒന്നേകാല്‍ ലക്ഷമായി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു.
1991-92 ലെ പുതുക്കിയ ബജറ്റിലൂടെയാണ് പത്രപ്രവര്‍ത്തക പദ്ധതിക്കായി തലസ്ഥാനത്തു കോളനി നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1993 ജൂലൈ 20ന്റെ പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു കിടക്കമുറികളുള്ള 12 ഫ്ളാറ്റുകളും രണ്ട് കിടക്കമുറികളുള്ള 42 ഫഌറ്റുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്നു കിടക്കമുറികളുള്ള ഒരു ഫ്ളാറ്റിന്6,36,529 രൂപയും രണ്ട് കിടക്കമുറികളുള്ള ഒരു ഫ്ളാറ്റിന് 4,74,320 രൂപയുമാണു വിലയായി നിശ്ചയിച്ചത്. പല കാരണങ്ങളാല്‍ 2000 ജനുവരി 20ന് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായത്.
പദ്ധതി പൂര്‍ത്തിയായപ്പോള്‍ മൂന്നു കിടക്കമുറികളുള്ള ഫഌറ്റിന് 11,52,084 രൂപയും രണ്ടു കിടക്കമുറികളുള്ള ഫഌറ്റിന് 9,11,000 രൂപയുമാണു വിലയായി നിശ്ചയിച്ചത്. പ്രോജക്ട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമായി വിലയില്‍ ഉണ്ടായ വന്‍ വര്‍ധന ഗുണഭോക്താക്കളായ പത്രപ്രവര്‍ത്തകര്‍ക്ക് താങ്ങാനാവില്ലെന്ന കാര്യം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവത്രേ.
അതിന്റെ അടിസ്ഥാനത്തില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ 2005 മേയ് 30ന് ചേര്‍ന്ന ബോര്‍ഡ് യോഗം മൂന്നു കിടക്കമുറികളുള്ള ഫഌറ്റിന് 9,66,813 രൂപയും രണ്ട് കിടക്കമുറികളുള്ള ഫഌറ്റിന് 7,16,578 രൂപയും അതിന്‍മേല്‍ 2000 ജനുവരി 21 മുതല്‍ 2000 നവംബര്‍ 30 വരെ 20 ശതമാനവും 2000 ഡിസംബര്‍ ഒന്നു മുതല്‍ 2003 ഏപ്രില്‍ 30 വരെ 16 ശതമാനവും 2003 മേയ് ഒന്നു മുതല്‍ 10 ശതമാനവും പലിശകൂടി ചേര്‍ത്ത് വില നിശ്ചയിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം അന്യായമാണെന്നും പിന്നീട് തീരുമാനമൊന്നുമുണ്ടായില്ലെന്നാണ് പത്രപ്രവര്‍ത്തകരുടെ വാദം.
ജേര്‍ണലിസ്റ്റ് കോളനിയിലെ ഫ്ളാറ്റ് ഉടമകളായ ചിലര്‍ വര്‍ഷങ്ങളായി ഈ ഫഌറ്റുകള്‍ വാടകയ്ക്ക് നല്‍കി വന്‍തുക നേടിയിട്ടുണ്ട്. ഇത്തരത്തിലൊരു വാടകയിടപാടാണ് ഫ്ളാറ്റിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരാന്‍ ഇടയാക്കിയതെന്നാണ് തിരുവനന്തപുരത്തുനിന്നുള്ള വര്‍ത്തമാനങ്ങള്‍ വ്യക്തമാക്കുന്നത്. വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ ജേര്‍ണലിസ്റ്റ് കോളനിയിലെ ഫ്ളാറ്റ് ഉടമയില്‍ നിന്ന് ഫഌറ്റ് വാടകയ്ക്ക് എടുത്തുവെന്നും ഇയാള്‍ ഇവിടെ കുറെക്കാലം താമസിച്ച ശേഷം ഫഌറ്റ് മറ്റ് ചിലര്‍ക്ക് മേല്‍വാടകയ്ക്ക് നല്‍കിയെന്നുമാണ് കഥകള്‍.
മേല്‍വാടകക്കാര്‍ വാര്‍ഷിക എഗ്രിമെന്റ് പൂര്‍ത്തിയായപ്പോള്‍ മേല്‍വാടകക്കാരനെ ഒഴിവാക്കി ഫഌറ്റ് ഉടമയില്‍ നിന്ന് നേരിട്ട് ഇതേ ഫഌറ്റ് വാടകയ്ക്ക് എടുത്തു. ഇതെത്തുടര്‍ന്നുണ്ടായ പിണക്കങ്ങളും തര്‍ക്കങ്ങളുമാണ് ഫഌറ്റ് ഉടമകളെക്കുറിച്ചുള്ള വിവരാവകാശ ശേഖരണത്തിലേക്കും പണം അടയ്ക്കാത്ത വിവരത്തെക്കുറിച്ചും ഇത് സ്‌ഫോടനാത്മകമായ വാര്‍ത്തയിലേക്കും കൊണ്ടെത്തിച്ചതെന്നാണ് തിരുവനന്തപുരത്തെ പ്രമുഖ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നത്.
കാര്യങ്ങളെന്തായാലും പത്രപ്രവര്‍ത്തകരെന്ന സ്വാധീനം കൊണ്ട് നിശ്ചയിച്ച പണം അടയ്ക്കാതെ ഫ്ളാറ്റ് സ്വന്തമാക്കി പതിറ്റാണ്ടുകളോളം താമസിക്കുകയും പിന്നീട് ന്യായീകരിക്കുകയും ചെയ്യുന്നത് എന്തൊക്കെ പറഞ്ഞാലും അംഗീകരിക്കാവുന്ന കാര്യമല്ല. ഫ്ളാറ്റ് ഉടമകള്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ നിയമങ്ങളും ചട്ടങ്ങളും കണ്ട് ബോധ്യപ്പെട്ടാണ് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത്. ഇതില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് പേരിനെങ്കിലും രണ്ടോ മൂന്നോ ഗഡുക്കള്‍ അടച്ചത്. മറ്റുള്ളവര്‍ പത്രപ്രവര്‍ത്തകരെന്ന കൊമ്പും കാട്ടി ഗഡുക്കള്‍ അടയ്ക്കാതെ സര്‍ക്കാരിനെയും പൊതുസമൂഹത്തെയും പറ്റിക്കുക തന്നെയായിരുന്നു.












Click it and Unblock the Notifications