Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് നമ്മുടെ സര്‍ക്കാര്‍,അനങ്ങണമെങ്കില്‍ മരിക്കണം

Shawarma
തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ഷവര്‍മ നിരോധനം. ആള്‍ മരിച്ചാല്‍ മാത്രമേ സംസ്ഥാനഭരണവും ഉദ്യോഗസ്ഥരും ഉഷാറാകൂ എന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങള്‍. ഹോട്ടല്‍ ഭക്ഷണം കഴിച്ച് ആള്‍ മരണപ്പെട്ടാല്‍ മാത്രം ഹോട്ടലുകളില്‍ റെയ്ഡ് നടക്കും. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ അനങ്ങില്ല, സര്‍ക്കാരും മിണ്ടില്ല.

വ്യാഴാഴ്ച കേരളം മുഴുവന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും പാഞ്ഞ് നടന്ന് ഹോട്ടലുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വരുമെന്നറിയാമായിരുന്നതിനാല്‍ ഹോട്ടലുകാര്‍ ക്ലീന്‍ ക്ലീനായി കച്ചവടം നടത്തി. തലയില്‍ ആള്‍ത്താമസമില്ലാത്ത ചില മണ്ടന്മാര്‍ കുടുങ്ങി.

കൊച്ചിയില്‍ ചീഫ് ഫുഡ് ഇന്‍സ്‌പെക്ടര്‍ കുറെക്കൂടി ശുഷ്‌കാന്തി കാട്ടി ഒറ്റയടിക്ക് ഒരാഴ്ചത്തേയ്ക്ക് ഷവര്‍മ നിരോധിച്ചു. ഷെവര്‍മ നിരോധിച്ചാല്‍ രാജ്യത്തെ മുഴുവന്‍ ഹോട്ടലുകളിലെയും ക്രമക്കേടുകള്‍ എല്ലാ അവസാനിച്ചുവെന്നും ജനങ്ങളുടെ ജീവന്‍ രക്ഷപെട്ടെന്നും കരുതുന്ന ഉദ്യോഗസ്ഥരുള്ള നാട്ടില്‍ ഒരാളല്ല ഒരുപാടുപേര്‍ ചത്തൊടുങ്ങേണ്ടതാണ്. ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രം ആളുകള്‍ രക്ഷപ്പെടുകയാണെന്ന് കരുതിയാല്‍ മതി.

കേരളത്തിലെ ഹോട്ടലുകളും ഓട്ടോക്കാരും ഒരുപോലെയാണ്. വായില്‍ വരുന്നതാണ് ചാര്‍ജ്ജ്. ഹോട്ടലില്‍ കയറിയാല്‍ തരുന്നത് തിന്നിട്ട് പറയുന്ന പണം കൊടുക്കണം. ഓട്ടോയില്‍ കയറിയാലും ഇതുതന്നെ സ്ഥിതി, തിന്നാനില്ലെന്ന കുറവേയുള്ളൂ, പുളിച്ചത് കേട്ട് ചിലപ്പോള്‍ വയര്‍ നിറയും. തിരിച്ചുപറഞ്ഞാല്‍ മോന്തക്ക് തട്ടും കിട്ടും.

കാലിച്ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് തോന്നുന്നതാണ് ഹോട്ടലുകാരുടെ വില. ചായക്ക് അടുത്തകാലം വരെ അഞ്ചുരൂപയാണ് സര്‍വ്വ സാധാരണവില. ഇപ്പോള്‍ മിക്കയിടത്തും ആറായി. എഴും എട്ടും വാങ്ങുന്ന കടകളാണ് നഗരങ്ങളില്‍ കൂടുതലും. ഊണിന് നാനാതരം വിലയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും സാമാന്യം കൊള്ളാവുന്ന ഊണിന് രൂപ അറുപതാണ്.
സ്‌പെഷ്യല്‍ വാങ്ങിയാല്‍ വിവരമറിയും. നൂറ് രൂപയ്ക്ക് മുകളിലാണ് ചിക്കന്‍, മീന്‍ ഐറ്റങ്ങളുടെ കുറഞ്ഞവില.

ഹോട്ടല്‍ മുന്തിയതായാലും അല്ലാത്തതായാലും വിലവിവരപ്പട്ടിക എഴുതിവെക്കുന്ന പതിവേയില്ല. വിലവിവരപ്പട്ടിക കണ്ടാല്‍ ഹോട്ടലില്‍ കയറുന്നവന്റെ വിശപ്പ് പമ്പകടക്കുമെന്ന് ഹോട്ടലുകാര്‍ക്കറിയാം. ബില്ല് വരുമ്പോള്‍ ധൃതിക്ക് കാശെടുത്ത് കൊടുത്ത് പുറത്തുകടക്കുമ്പോഴാണ് അത്രയും ആയിക്കാണുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകുന്നത്. ബില്ല് തിരിച്ചുവാങ്ങി വീട്ടില്‍ ചെന്ന് വിശദമായി പരിശോധിക്കുക മാത്രമാണ് സമാധാനം കിട്ടാനുള്ള ഏകവഴി. അതിന് പണം കൊടുത്തശേഷം ബില്ല് തിരികെ വാങ്ങണം, ഹോട്ടലുകാര്‍ കനിഞ്ഞാല്‍ മാത്രം.

പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്റെ നിയന്ത്രണത്തിലുളള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് അധികാരം. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മുപ്പതിനായിരത്തോളം ഹോട്ടലുകളില്‍ (ചായക്കടകളും പെട്ടിപ്പീടികകളും ഇതില്‍പ്പെടില്ല) റെയ്ഡ് നടത്താന്‍ ആകെയുളളത് 90 ഉദ്യോഗസ്ഥരാണ്.

2011 ഓഗസ്റ്റില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് മായം കലര്‍ത്തിയ ഭക്ഷണം കൊടുക്കുന്നതിനും ഇതിലൂടെ ആരോഗ്യത്തിന് ഹാനിവരുത്തുകയോ മരണം സംഭവിക്കുകയൊ ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

മായം കലര്‍ത്തിയാല്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഒരാളുടെ മരണത്തിനു ഹോട്ടല്‍ ഭക്ഷണം കാരണമായാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വ്യവസ്ഥയുണ്ട്. മായംകലര്‍ത്തി വില്‍ക്കുന്ന ഭക്ഷണം കഴിച്ച ഒരാള്‍ മരിച്ചാല്‍ കടയുടമയ്ക്കു ജീവപര്യന്തം തടവു ശിക്ഷ വരെ ലഭിക്കും. ഈ രാജ്യത്ത് നിയമത്തിന് വല്ലകുറവുമുണ്ടായിട്ടാണോ ഈ തോന്ന്യാസങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും നടപടിയുണ്ടാകണമെങ്കില്‍ ആരെങ്കിലും മരിക്കണമെന്ന സ്ഥിതിയാണെങ്കില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും നന്നാകാന്‍ നാട്ടിലെ ജനങ്ങള്‍ ചില കടുത്ത വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+