ഹര്‍ത്താലില്‍ പരക്കെ അക്രമം
കണ്ണൂര്‍: പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാനത്ത് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം. ഒട്ടേറെ ഇടങ്ങളില്‍ വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
കണ്ണൂരില്‍ ബുധനാഴ്ച ആരംഭിച്ച അക്രമസംഭവങ്ങള്‍ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. അതേസമയം കണ്ണൂരില്‍ ദ്രുതകര്‍മ സേനയെ വിന്യസിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന എ.ഡി.ജി.പിയുടെ അറിയിപ്പിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്നെത്തിയ കേന്ദ്രസേനയെ തല്‍ക്കാലം എവിടെയും വിന്യസിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പല ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെയും വ്യാപക കല്ലേറുണ്ടായി. സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു.
ആലപ്പുഴയില്‍ കോണ്‍ഗ്രസ് ജില്ലാ ഓഫീസിനുനേര്‍ക്കും ആക്രമണമുണ്ടായി. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. പരപ്പനങ്ങാടിയില്‍ പ്രകടനമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പരിക്കേറ്റ എസ്.ഐ മോഹനനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ പത്തോളം കോണ്‍ഗ്രസ് ഓഫീസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. പിണറായിയില്‍ മൂന്നു കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. എടത്തോട് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടായി. ഇതിനിടെ കണ്ണൂര്‍ സ്‌റ്റേഷന്‍ റോഡിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടു.
കോട്ടയം തെള്ളകത്ത് ബാംഗളൂരില്‍ നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ഏറ്റുമാനൂരില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. ആലപ്പുഴയില്‍ നിന്നും ബാംഗളൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിനു നേര്‍ക്കും കല്ലേറുണ്ടായി. നഗരത്തില്‍ ഒരു സ്വകാര്യ വാഹനത്തിന് നേര്‍ക്കും കല്ലേറുണ്ടായി.
കൊടുങ്ങല്ലൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ പോസ്‌റ്റോഫിസിലേക്ക് തള്ളിക്കയറി. കെ.കരുണാകരന്റെ പ്രതിമക്കുനേരെ ആക്രമണമുണ്ടായി. കൊടുങ്ങല്ലൂര്‍ ശൃംഖപുര്ധ് കെ.എസ്.ഇ.ബി ഓഫിസ് കൗണ്ടര്‍ അടിച്ചുതകര്‍ത്തു. അവിണിശേരിയില്‍ വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍ സ്മാരക മന്ദിരത്തിനുനേരെ ആക്രമണം നടന്നു. കൈപ്പമംഗലം മൂന്നുപീടികയില്‍ മുസ്‌ലീം ലീഗ് ഓഫിസിനുനേരെ കല്ലേറുണ്ടായി. കോര്‍പറേഷന്‍ ഓഫിസ് സി.പി.എമ്മുകാര്‍ അടപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ എം.ഒ റോഡ് ഉപരോധിച്ചു.
വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു. കാസര്‍കോട്ട് പ്രതിഷേധപ്രകടനം നടത്തുകയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം പൊലീസ് ജീപ്പ് ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
കൊച്ചിയില്‍ രാവിലെ വൈപ്പിനിലും പാലാരിവട്ടം ബൈപ്പാസിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പാലക്കാട് ദേശീയപാതയില്‍ കുഴല്‍മന്ദം, പുതുശേരി, കഞ്ചിക്കോട് ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. വാളയാര്‍ അതിര്‍ത്തി കടന്നുവന്ന വാഹനങ്ങളാണ് കഞ്ചിക്കോട് തടഞ്ഞിട്ടത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം തടഞ്ഞ് റോഡില്‍ തീയിട്ടു. കൊല്ലത്ത് കുളത്തൂപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.












Click it and Unblock the Notifications