കേരളാ കോണ്‍ഗ്രസിന്റെ 'ഹരിതരാഷ്ട്രീയം'

PC George
ഗ്രീന്‍ പൊളിറ്റിക്‌സ് ലോകമെങ്ങും ഒരു വികാരമായി മാറിയിട്ട് കുറഞ്ഞത് മൂന്ന് പതിറ്റാണ്ടുകളെങ്കിലും ആയിക്കാണും. കേരളത്തിലെ ഹരിതരാഷ്ട്രീയത്തിന്റെ ശില്‍പികള്‍ ഇപ്പോള്‍ വി ഡി സതീശനും ടി എന്‍ പ്രതാപനുമാണ് എന്നാണ് പരക്കെയുള്ള വിശ്വാസം. കേരളീയര്‍ക്ക് ഇതുവരെയും പച്ചയുടെ രാഷ്ട്രീയമെന്നാല്‍ അത് പാണക്കാട്ട് തങ്ങന്മാരുടെയും സി എച്ചിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ലീഗ് രാഷ്ട്രീയമായിരുന്നു. ലീഗുകാരുടെ പച്ചക്കൊടിയും പച്ചയുടുപ്പും പച്ച ലഡുവും പച്ച ഐസ്‌ക്രീമും പച്ചപ്പായസവും പച്ചയുടെ രാഷ്ട്രീയത്തെ കൊഴുപ്പിക്കുകയാണെന്നായിരുന്നു നമ്മള്‍ കരുതിയിരുന്നത്.

എന്നാല്‍ നെല്ലിയാമ്പതി പാട്ടത്തോട്ടങ്ങളുടെ കാര്യത്തില്‍ പി സി ജോര്‍ജ്ജും ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ച നിലപാട് ശരിയല്ലെന്ന പ്രഖ്യാപനവുമായി സതീശനും പ്രതാപനും ഇവരോടൊപ്പം ഹൈബി ഈഡനും വി ടി ബല്‍റാമും കൂടിയപ്പോഴാണ് ലീഗുകാരുടെ പച്ച രാഷ്ട്രീയമല്ല യഥാര്‍ത്ഥ പച്ച രാഷ്ട്രീയമെന്നും ഗ്രീന്‍ പൊളിറ്റിക്‌സിന് വേറൊരു തലമുണ്ടെന്നും നാമറിഞ്ഞത്. ഹൈബിക്കും വി ടി ബല്‍റാമിനും രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എം എം ഹസനുമൊക്കെ ഇപ്പോള്‍ ഹരിതരാഷ്ട്രീയം അഥവാ പച്ചയുടെ രാഷ്ട്രീയം ശരിക്കും വ്യക്തമായിട്ടുണ്ട്.

മുസ്ലീം ലീഗ് വടക്കന്‍ കേരളത്തില്‍ പയറ്റുന്ന പച്ച രാഷ്ട്രീയത്തിന്റെ വേറൊരു പതിപ്പാണ് കേരളാ കോണ്‍ഗ്രസ് മധ്യതിരുവിതാംകൂറിലും ഹൈറേഞ്ചുകളിലും മലബാറിന്റെ കിഴക്കന്‍ മലകളിലും പ്രയോഗിച്ചത്. എത്ര കൊടും വനങ്ങളാണെങ്കിലും അവ വെട്ടിത്തെളിച്ച് റബ്ബറും കാപ്പിയും ഏലവും കുരുമുളകും വിളയിക്കുന്നവരെല്ലാം സാങ്കേതികാര്‍ത്ഥത്തില്‍ കേരളാ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കേരളാ കോണ്‍ഗ്രസുകാര്‍ പൊതുവേ സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും അതേ സ്വഭാവം കാണിക്കുന്നവരും ഈ രാഷ്ട്രീയത്തില്‍പ്പെടും. കൊടും നായരായ ആര്‍ ബാലകൃഷ്ണപിള്ള കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായത് അതുകൊണ്ടാണ്. സ്വഭാവത്തില്‍ സുറിയാനി ക്രിസ്ത്യാനികളേക്കാള്‍ കടുത്ത കേരളാ കോണ്‍ഗ്രസുകാരനാണല്ലോ ബാലകൃഷ്ണപിള്ള!

കേരളാ കോണ്‍ഗ്രസ് അതിന്റെ ഹരിതരാഷ്ട്രീയം കേരളത്തിന്റെ കിഴക്കന്‍ മലകളിലും കുന്നുകളിലുമാണ് പ്രധാനമായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളെ ഒന്നടങ്കം കേരളാ കോണ്‍ഗ്രസിന്റെ ഹരിതരാഷ്ട്രീയം വിഴുങ്ങിക്കഴിഞ്ഞപ്പോഴാണ് വടക്കന്‍ കേരളത്തിലേക്ക് കുടിയേറ്റത്തിന്റെ രൂപത്തില്‍ കേരളാ കോണ്‍ഗ്രസ് അതിന്റെ ഹരിതരാഷ്ട്രീയം വ്യാപിപ്പിച്ചത്. നെല്ലിയാമ്പതിയും വയനാടും താമരശേരിയും തിരുവമ്പാടിയും ഇരിക്കൂറും ചെമ്പേരിയും ഇരിട്ടിയും ചെറുപുഴയുമെന്ന് വേണ്ട മലബാറിന്റെ കിഴക്കന്‍ മലകളെല്ലാം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ ഹരിതരാഷ്ട്രീയത്തിന്റെ ഇരകളായിക്കഴിഞ്ഞു. ഇപ്പോള്‍ തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തികളും ഭേദിച്ച് ഈ ഹരിതരാഷ്ട്രീയം മുന്നേറുകയാണ്.

മലകളായ മലകളും കാടുകളായ കാടുകളും പാട്ടത്തിനെടുത്തും കയ്യേറിയും വെട്ടിത്തളിച്ചും കയ്യിലാക്കുന്നവര്‍ക്ക് എന്തും ചെയ്തുകൊടുക്കാന്‍ കേരളാ കോണ്‍ഗ്രസ് അതിന്റെ എല്ലാ അധികാര ശക്തികളും സ്വാധീനങ്ങളും പ്രയോഗിക്കുമെന്ന് നെല്ലിയാമ്പതി വിഷയത്തില്‍ നാം കണ്ടറിഞ്ഞതാണ്. മുമ്പ് മതികെട്ടാന്‍ വിഷയത്തിലും വാഗമണ്‍ കയ്യേറ്റത്തിലും കേരളാ കോണ്‍ഗ്രസിന്റെ സ്വാധീനത്തിനും ശക്തിക്കും മുമ്പില്‍ സാക്ഷാല്‍ വി എസ് പോലും മുട്ടുമടക്കിയതാണ്.

ബുദ്ധിരാക്ഷസനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് ഇത്തവണ പി സി ജോര്‍ജ്ജിനെ മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തത്. ഇത് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് ഭേദമന്യേ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വികാരം ശക്തമാക്കാന്‍ ഇടയാക്കുകയും ചെയ്തു. എ ഗ്രൂപ്പുകാരനായ ടി എന്‍ പ്രതാപനാണ് ഹരിതരാഷ്ട്രീയത്തിന്റെ അപ്പസ്‌തൊല്ലനായ പി സി ജോര്‍ജ്ജിനും സ്വന്തം പാര്‍ട്ടിക്കാരനും ഗ്രൂപ്പ് നേതാവുമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമെതിരെയുള്ള യുദ്ധത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. യു ഡി എഫ് സര്‍ക്കാരും അതുവഴി തന്റെ മുഖ്യമന്ത്രി സ്ഥാനവും അഞ്ചുവര്‍ഷം നിലനില്‍ക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യമായതിനാല്‍ കേരളാ കോണ്‍ഗ്രസിന്റെ ഹരിതരാഷ്ട്രീയത്തിന് മുമ്പില്‍ അദ്ദേഹം മുട്ടുമടക്കിയതെന്ന് വ്യക്തമാണ്.

കേരളാ കോണ്‍ഗ്രസിന്റെ ഉത്ഭവവും അതിന്റെ പ്രവര്‍ത്തനങ്ങളും അറിയുന്നവര്‍ക്കറിയാം അതിന്റെ ശരിയായ രാഷ്ട്രീയം എന്തെന്ന്. കട്ടവണ്ടിമുട്ടിയുണ്ടായ പാര്‍ട്ടിയെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ തലക്കുറി. കോണ്‍ഗ്രസില്‍ പി ടി ചാക്കോ-ആര്‍ ശങ്കര്‍ പോരിനിടെ കേരളം കണ്ട ഏറ്റവും വലിയ ലൈംഗീകാപവാദങ്ങളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് നാം ഇന്ന് കാണുന്ന കേരളാ കോണ്‍ഗ്രസുകളുടെ പൂര്‍വ്വരൂപം. ഐക്യകേരളത്തിന്റെ ആദ്യനിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോയെ ഏത് വിധേനയും മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് അകറ്റാനുള്ള കുതന്ത്രങ്ങള്‍ ശങ്കറും കൂട്ടരും മെനയുന്നതിനിടെയാണ് തൃശൂരിനടുത്തുവച്ചുണ്ടായ ഒരപകടം ഇവര്‍ക്ക് വീണുകിട്ടിയത്. പി ടി ചാക്കോ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഉന്തുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ പി ടി ചാക്കോയുടെ കൂടെ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും അതാരാണെന്ന് വ്യക്തമായി അറിയാന്‍ കഴിയാതിരുന്നതും അന്ന് കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടായി. ഇതെത്തുടര്‍ന്നുണ്ടായ മാനസികാഘാതം പി ടി ചാക്കോയുടെ അന്ത്യത്തിലാണ് അവസാനിച്ചത്. അന്ന് കോണ്‍ഗ്രസിലെ യുവതുര്‍ക്കികളായിരുന്ന കെ എം ജോര്‍ജ്ജ്, കെ എം മാണി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് എന്ന സ്വന്തം കോണ്‍ഗ്രസുണ്ടാക്കിയത്. ആര്‍ ശങ്കറിന്റെ ഈഴവപ്രാമാണിത്വം അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന നായന്മാരുടെ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസുകളും ഇവര്‍ക്കുണ്ടായിരുന്നു. ഈ പാര്‍ട്ടി ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്നു. വളര്‍ന്നതിനേക്കാള്‍ വേഗത്തില്‍ പിളര്‍ന്നു. പിളര്‍ന്ന മുറികള്‍ ചിലത് കൂടിച്ചേര്‍ന്നു. ആരുടെ കൂടെ കൂടിയാലും അധികാരവും സമ്പത്തുമാണ് ലക്ഷ്യം. അതാണ് കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+