തിലകന് 'അമ്മ'യുടെ സഹായമുണ്ടാവും: മമ്മൂട്ടി

മരുന്നുകളോടു ശരീരം ചെറിയ രീതിയിലെങ്കിലും പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ആരോഗ്യനിലയിലെ പുരോഗതി എത്രത്തോളം നിലനിര്‍ത്താനാവുമെന്ന് പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
തിലകന്റെ തിരിച്ചുവരവിനു പ്രാര്‍ഥനകളുമായി മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ താരങ്ങളുടെ വന്‍നിര തന്നെ ഞായറാഴ്ച ആശുപത്രിയിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്പീക്കര്‍ ജി. കാര്‍ത്തികേയനും ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും സന്ദര്‍ശിച്ചിരുന്നു.
മുന്‍പും ഇതുപോലെ രോഗം ഗുരുതരമായപ്പോള്‍ അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു. ഇത്തവണയും അങ്ങനെ സംഭവിക്കണമെന്ന് പ്രാര്‍ഥിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ചികില്‍സയ്ക്ക് 'അമ്മയുടെ സാമ്പത്തിക സഹായമുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. മുംബൈയില്‍ നിന്നാണ് അദ്ദേഹം ഇവിടെ വന്നത്.
കൊച്ചിയില്‍ നിന്നെത്തിയ മകനും ചലച്ചിത്ര താരവുമായ ദുല്‍ഖറും ആശുപത്രിയില്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ന്നു. ഉസ്താദ് ഹോട്ടലിലെ ഫൈസിയായിട്ടാണ് ദുല്‍ഖര്‍ ആശുപത്രിയിലെത്തിയത്. 'ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഉപ്പൂപ്പയായി തിലകനും പേരക്കുട്ടി ഫൈസിയായി ദുല്‍ഖറും ഉജ്വല അഭിനയം കാഴ്ചവച്ചിരുന്നു.
അന്‍വര്‍ റഷീദ്, ആന്റോ ജോസഫ് എന്നിവരും ദുല്‍ഖറിനൊപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപിയാണു തിലകനെ കാണാന്‍ ആദ്യം എത്തിയത്. തിലകന്‍ തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മനോജ് കെ. ജയന്‍, മാമുക്കോയ, വിനയന്‍, കല്‍പന തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരുടെ വന്‍നിര മലയാളത്തിന്റെ മഹാനടനെ കാണാനെത്തി. രാത്രിയോടെയാണു മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
തിലകനെ കാണാന്‍ നിരവധി ആരാധകരും ചലച്ചിത്രപ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണമുണ്ട്. ഷമ്മിയും ഷോബിയും ഉള്‍പ്പെടെ തിലകന്റെ മക്കള്‍ ആശുപത്രിയില്‍ സമീപത്തുണ്ട്.












Click it and Unblock the Notifications