ചദ്ദയുടെ മരണം: നാംധാരി സംശയത്തിന്റെ നിഴലില്‍
ദില്ലി: പോണ്ടി ചദ്ദയും സഹോദരനും വെടിയേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണം സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷിയും പരാതിക്കാരനുമായ ഉത്തരാഖണ്ഡ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സുഖ്‌ദേവ് സിങ് നാംധാരിയിലേയ്ക്ക് നീളുന്നു.
സംഭവ ദിവസം നാംധാരിയും പോണ്ടി ചദ്ദയ്‌ക്കൊപ്പമുണ്ടായിരുന്നു. ഹര്‍ദീപിനെ വെടിവച്ചത് തന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായ സച്ചിന്‍ ത്യാഗിയാണെന്ന് നാംധാരി അറിയിച്ചിട്ടുണ്ട്. സ്വയരക്ഷയ്ക്കായാണ് ത്യാഗി വെടിവച്ചതെന്നാണ് നാംധാരിയുടെ വാദം.വെടിവയ്പ്പ് നടന്ന ദിവസം നാംധാരി ദില്ലിയിലുണ്ടായിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഫാം ഹൗസിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ ചദ്ദയെ സഹായിക്കാനായാണ് നാംധാരി ഇവിടെയെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പൊലീസിന്റെ പ്രത്യേകാനുമതിയോടെ ദില്ലി വിട്ട നാംധാരി ഇപ്പോള്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. നാംധാരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം നാംധാരിയെ നീക്കിയിരുന്നു. നാംധാരിയ്‌ക്കെതിരെ 14 ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി എംകെ ഖാന്‍ അറിയിച്ചു.വെടിവയ്പ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications