പ്രതിഷേധം കലാപമാവുന്നു
ദില്ലി: ബസില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇടയായ സംഭവത്തില്‍ ജനക്കൂട്ടത്തിന്റെ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറുന്നു. രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീന ഹില്‍സിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
രാഷ്ട്രപതി ഭവന്‍, വിജയ് ചൗക്ക് എന്നിവിടങ്ങളില്‍ നിന്നു പ്രതിഷേധക്കാരെ അറസ്റ്റ്‌ചെയ്തു നീക്കി. പ്രത്യേക ബസിലാണു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. എന്നാല്‍ പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നു ശക്തമായ ചെറുത്തു നില്‍പ്പാണ് ഉണ്ടായത്.
റെയ്ല്‍ഭവനു മുന്നില്‍ തടിച്ചു കൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്താന്‍ പൊലീസ് അനുവാദം നല്‍കി. ആയിരത്തോളം പ്രതിഷേധക്കാര്‍ ഇന്ത്യഗേറ്റിനു മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്.
ശനിയാഴ്ച നടന്ന പ്രതിഷേധത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ സമരക്കാര്‍ ഞായറാഴ്ചയും രാഷ്ട്രപതി ഭവനായ റയ്‌സീന ഹില്‍സിസിലേക്ക് മാര്‍ച്ചിനൊരുങ്ങി. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചു.
രാവിലെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്പില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.
സമരക്കാര്‍ ഇന്ത്യാ ഗേറ്റിലേക്ക് എത്തിയതോടെ ഇവിടെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ അധികൃതര്‍ പിന്‍വലിച്ചു. രാജ്പഥില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള വഴിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. പ്രക്ഷോഭകര്‍ ഈ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.
കിഴക്കന്‍ ദില്ലിയിലെ എം.പി സന്ദീപ് ദീക്ഷിതിന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ അദ്ദേഹത്തോട് തട്ടിക്കയറി. ദീക്ഷിതിന്റെ വാഹനവും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരെ കൊണ്ടുപോയ ഒരു ജീപ്പും സമരക്കാര്‍ കേടുവരുത്തി. ഇന്ത്യാഗേറ്റിലെ റോഡുകള്‍ സമരക്കാര്‍ ഉപരോധിച്ചതോടെ ദില്ലിയില്‍ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചത്.












Click it and Unblock the Notifications