കടല്‍ക്കൊല: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല

നാവിക നിയമമനുസരിച്ചായിരിക്കണം കേസ് നടത്തേണ്ടത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ കേരള പോലീസ് എടുത്തിരിക്കുന്ന എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നാവികരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കടലിലെ വെടിവയ്പില്‍ കുറ്റം കുറ്റംതന്നെയാണ്. ഇന്ത്യന്‍ തീരദേശത്തുതന്നെയാണ് കുറ്റം നടന്നിരിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ മാരിടൈം നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് നടത്തണമെന്നും അതിനായി കേരളത്തിന് പുറത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പുറമേ രാജ്യാന്തര കോടതിയില്‍ കേസ് പരിഗണിക്കണമെന്ന നാവികരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. കടലില്‍ കേരളത്തിന്റെ അധികാരപരിധി 12 നോട്ടിക്കല്‍ മൈല്‍ മാത്രമേ വരികയുള്ളൂ. സംഭവം നടന്നിരിക്കുന്നത് 20.5 നോട്ടിക്കല്‍ മൈലിലാണെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനാണ് കേസെടുക്കാന്‍ അധികാരമെന്നും സുപ്രീം കോടതി വിലയിരുത്തി.
കഴിഞ്ഞ ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യതൊഴിലാളികളെ പ്രകോപനം കൂടാതെ ഇന്റിക ലെക്‌സിയെന്ന ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നും നാവികര്‍ വെടിവെയ്ക്കുകയായിരുന്നു. കടല്‍കൊള്ളക്കാരാണെന്ന സംശയത്തിലാണ് വെടിവെച്ചതെന്നാണ് നാവികരുടെ വാദം.
മുന്നറിയിപ്പ് നല്‍കിയിട്ടും മത്സ്യതൊഴിലാളികളുടെ ബോട്ട് കപ്പലിനു നേരെ പാഞ്ഞടുത്തതായും നാവികര്‍ അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നു രക്ഷപെട്ട നാവികരെയും കപ്പലിനെയും അടിയന്തര നടപടികളിലൂടെയാണ് കേരളം കൊച്ചിയില്‍ എത്തിച്ചത്.
ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്ക്കുള്ളിലാണ് സംഭവം നടന്നതെന്ന നിലപാടുമായി കേരളാ പോലീസ് നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ഒരു ഘട്ടത്തില്‍ രാഷ്ട്രീയപരമായി എടുത്ത കേസാണ് നാവികര്‍ക്കെതിരെയുള്ളതെന്ന് വാദിക്കാന്‍ പോലും ഇറ്റലി തയാറായിരുന്നു.












Click it and Unblock the Notifications