ഞാന്‍ ഇന്ത്യയില്‍ സുരക്ഷിതനാണ്: ഷാറൂഖ്

ന്യൂയോര്‍ക്കിലെ 'സെപ്തംബര്‍ 11' ഭീകരാക്രമണത്തിനുശേഷം മുസ്‌ലീമെന്ന നിലയില്‍ താന്‍ നേരിട്ട അനുഭവങ്ങളും മറ്റും വിവരിച്ച് ഷാരൂഖ് ഖാന്‍ ഒരു മാസികയില്‍ ലേഖനം എഴുതിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ട് ഇന്ത്യയില്‍ സുരക്ഷിതനല്ലെങ്കില്‍ ഷാരൂഖിന് പാകിസ്താനില്‍ അഭയം തേടാമെന്ന് ലഷ്‌കര്‍ ഇ തായ്ബ നേതാവ് ഹാഫിസ് സയിദ് പറഞ്ഞിരുന്നു. ഇത് നിരവധി വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.
തന്റെ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ലേഖനത്തില്‍ താന്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലന്ന് പ്രത്യക്ഷമായോ പരോക്ഷമായോ പരമാര്‍ശിച്ചിട്ടില്ല എന്ന് താരം വ്യക്തമാക്കി. മുസ്ലീമുകളുടെ മാനസികാവസ്ഥ വരച്ചു കാണിക്കുക മാത്രമാണ് ലേഖനത്തില്‍ ചെയ്തിരിക്കുന്നതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്ന് ലേഖനത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. ലേഖനത്തെ ആവശ്യമില്ലാതെ വളച്ചൊടിക്കരുതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിവാദം ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നും താരം പറഞ്ഞു.
പാക് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്നും അംഗീകരിക്കാനാവാത്ത ഉപദേശങ്ങള്‍ തനിക്ക് വേണ്ട എന്നും ഷാറുഖ് പറഞ്ഞു. താന്‍ ഇന്ത്യയില്‍ സുരക്ഷിതനാണെന്നും അതിലുപരി ഇന്ത്യക്കാരനെന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നെന്നും ഇന്ത്യ ഒരു നല്ല ജനാധിപത്യ രാഷ്ട്രമാണെന്നും മതേതരരാഷ്ട്രമായ ഇന്ത്യയില്‍ താമസിക്കുന്നതാണ് തനിക്ക് താത്പര്യമെന്നും ഷാറുഖ് വ്യക്തമാക്കി.
റഹ്മാന്‍ മാലിക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ തക്ക മറുപടി നല്‍കിയിരുന്നു. സ്വന്തം പൗരന്മാരെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും പാക് ആഭ്യന്തരമന്ത്രി അവിടത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉത്ക്കണ്ഠപ്പെട്ടാല്‍ മതിയെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍കെസിങ് പറഞ്ഞു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനവും അവരുടെ പലായനവും സംബന്ധിച്ച് റഹ്മാന്‍ മാലിക് ആത്മപരിശോധന നടത്തണമെന്ന് വാര്‍ത്താവിതരണമന്ത്രി മനീഷ് തിവാരി പറഞ്ഞു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും മാലിക്കിന്റെ അതിര്‍ത്തി കടന്നുള്ള ഈ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications