Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി : കുര്യന് പിന്തുണയുമായി മുഖ്യമന്ത്രി

Oommen Chandy
തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പിജെ കുര്യന് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് മുഖ്യമന്ത്രി കുര്യനെ പിന്തുണച്ചത്. പുതിയെ വെളിപ്പെടുത്തലുകള്‍ അടിസ്ഥാനത്തില്‍ ഒരന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കില്ലെന്നും മുഖ്യമന്ത്രി സൂചന നല്‍കി. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇപ്പോള്‍ സംഭവം വിവാദമാക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

17 വര്‍ഷം മുന്‍പ് പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോഴും ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ ഏതോ കാര്യം പോലെയാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഒന്നുമില്ലാത്ത കാര്യം പറഞ്ഞ് വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും നിരപരാധിയെന്ന് അന്വേഷണ സംഘവും കോടതിയും കണ്‌ടെത്തിയ ഒരാളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതും തെറ്റാണ്.

ഇത്തരം സംഭവങ്ങളില്‍ ആരോപണവിധേയനായ ഒരാള്‍ കുറ്റക്കാരനാണോയെന്നാണ് നോക്കേണ്ടത്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. മറിച്ച് ചെയ്യുന്നത് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

17 വര്‍ഷത്തില്‍ 10 കൊല്ലവും ഇവിടെ ഇടതുസര്‍ക്കാരാണ് ഭരിച്ചത്. ആന്റണി സര്‍ക്കാരിന്റെ കാലത്താണ് സൂര്യനെല്ലി കേസ് ഉണ്ടാകുന്നത്. ഒരു പ്രതിയൊഴികെ എല്ലാവരെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് അധികാരത്തിലെത്തിയത് നയനാര്‍ സര്‍ക്കാരാണ്. മൂന്ന് അന്വേഷണങ്ങളാണ് ഇടതുസര്‍ക്കാര്‍ ഇതേക്കുറിച്ച് നടത്തിയത്. എന്നാല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് കണ്‌ടെത്തിയ പ്രതികള്‍ക്ക് അപ്പുറം ഒരാളെയും കണ്‌ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോടതി നടപടികളോടും യുഡിഎഫ് സര്‍ക്കാരുകള്‍ ഗൗരവമായ സമീപനമാണ് കൈക്കൊണ്ടത്. 2005 നവംബര്‍ 11 ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഇതില്‍ യാതൊരു വീഴ്ചയും ഉണ്ടായില്ല. സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഇതില്‍ പൂര്‍ണമായി നിറവേറ്റിയിട്ടുണ്ട്. ഒരു ഘട്ടത്തിലും വീഴ്ച വന്നതായി ആര്‍ക്കും ബോധ്യപ്പെടുത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഎസ് ആയിരുന്നു തുടര്‍ന്നു വന്നത്. എന്നാല്‍ വി.എസ് അഞ്ചു കൊല്ലം ഇരുന്നിട്ട് ഒന്നും ചെയ്തില്ല. യുഡിഎഫ് സര്‍ക്കാര്‍ ചെയ്യാനുള്ളതെല്ലാം ചെയ്തു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായ പത്മനാഭന്‍ നായര്‍ ഉന്നയിച്ച വാദങ്ങളാണ് കോടതി അംഗീകരിച്ചത്. ഇക്കാര്യം പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പീരുമേട് കോടതി പി.ജെ കുര്യനെതിരായ പരാമര്‍ശങ്ങളില്‍ കഴമ്പുണ്‌ടെന്ന് നിരീക്ഷിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് തള്ളിയിട്ടുണ്‌ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേസ് അന്വേഷിച്ച സിബി മാത്യൂസ് മറ്റാരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതെന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ കെ.കെ ജോഷ്വായുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി കൃത്യമായി പ്രതികരിച്ചില്ല. ജോഷ്വായും സിബി മാത്യൂസും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്‌ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേയെന്നായിരുന്നു മറുപടി. പെണ്‍കുട്ടിയുടെ ആരോപണം തെറ്റാണെന്ന് സൂചിപ്പിയ്ക്കുന്ന ചില പരാമര്‍ശങ്ങും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. തന്നെ പീഡിപ്പിച്ചത് ഭാജിയെന്ന വിളിയ്ക്കുന്ന ഒരാളെന്ന് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. ഇയാള്‍ കുര്യനല്ലെന്ന മറ്റൊരാളാണെന്നായിരുന്നു മുഖ്യമന്ത്രി സൂചിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+