പശു പണിമുടക്കിയില്ല, മില്‍മ പാല്‍ ഓടയിലൊഴുക്കി
കല്‍പ്പറ്റ: രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ വയനാട്ടില്‍ ക്ഷീരകര്‍ഷകര്‍ ഓടയില്‍ ഒഴുക്കിക്കളഞ്ഞത് 35 ലക്ഷം രൂപയുടെ പാല്‍. പണിമുടക്കില്‍ നിന്ന് അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കിയെങ്കിലും മലബാറില്‍ മില്‍മ പണി പറ്റിച്ചു. പണിമുടക്കില്‍ കടകള്‍ അടച്ചിടുന്നതിനാല്‍ തങ്ങള്‍ക്ക് പാല്‍ വില്‍പ്പന സാധ്യമല്ലെന്ന വാദമുന്നയിച്ചാണ് മില്‍മ പാല്‍സംഭരണം വേണ്ടെന്ന് വച്ചത്. മില്‍മ പാല്‍ എടുക്കാതെ വന്നതോടെ പാല്‍ ഓടയില്‍ ഒഴുക്കിക്കളയുകയായരുന്നു വയനാട്ടിലെ ക്ഷീര കര്‍ഷകര്‍.
ഇരുചക്രവാഹനങ്ങളെപോലും റോഡിലിറക്കില്ലെന്ന തൊഴിലാളി സംഘടനാ സംയുക്ത സമരസമിതിക്കാരുടെ ഭീഷണി കണക്കിലെടുത്ത് മില്‍മയുടെ പാല്‍ സംഭരിക്കുന്ന കരാറുകാരായ വാഹന ഉടമകളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനാല്‍ പണിമുടക്ക് തീരുന്ന മുറയ്ക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞുമാത്രമേ പാല്‍ സംഭരിക്കൂ എന്ന നിലപാടെടുത്ത മില്‍മ പക്ഷേ ക്ഷീരകര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. പണിമുടക്കിന്റെ രണ്ടാം ദിവസം പാല്‍സംഭരിക്കാന്‍ തയ്യാറായതോടെ മറ്റൊരു 35 ലക്ഷം കൂടി നഷ്ടപ്പെടാന്‍ ഇടയായില്ല.

വയനാട് ജില്ലയില്‍ അറുപത് സംഘങ്ങള്‍ വഴി മില്‍ മശേഖരിക്കുന്നത് ഒരുലക്ഷത്തിലേറെ ലിറ്റര്‍ പാലാണ്. പണിമുടക്ക് ദിവസങ്ങളില്‍ കര്‍ഷകരില്‍ നിന്നെടുക്കുന്ന പാല്‍ വിറ്റഴിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ സംഭരണം രണ്ടുദിവസം നിര്‍ത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പശുക്കളെ കറക്കാതിരിക്കാനാവാത്തതിനാല്‍ പതിവുപോലെ വയനാട്ടില്‍ മില്‍മയ്ക്ക് മാത്രം നല്‍കാനായി കര്‍ഷകര്‍ ഒരുലക്ഷത്തിലേറെ ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നു. ഇത് കൂടാതെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് സ്വകാര്യസംരംഭകര്‍ എന്നിവര്‍ക്കും നല്‍കിയിരുന്ന പാല്‍ പണിമുടക്കുകാരണം കെട്ടിക്കിടന്നു.
സംസ്ഥാനത്തെ വിപണനത്തിന് പാല്‍ തികയാതെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പാല്‍ കൊണ്ടുവരുന്ന മില്‍മ പിടിവാശികൊണ്ടുമാത്രം ഒരുലക്ഷത്തിലേറെ ലിറ്റര്‍ പാല്‍ നഷ്ടപ്പെടുത്തിയത് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. കൊണ്ടുവരികയാണ് മില്‍മ ചെയ്യുന്നത്. തൈര്, സംഭാരം തുടങ്ങിയ ഉപോല്‍പന്നങ്ങള്‍ മില്‍മക്ക് നിരവധിയുണ്ട്. ഒരു ദിവസം കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ വിറ്റഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തൈരോ, സംഭാരമോ ആക്കാവുന്നതാണ്. എന്നാല്‍ ഇതിന് തുനിയാതെ പാല്‍ സംഭരണം നിര്‍ത്തുകയാണ് മില്‍മ ചെയ്തത്. ഇതെത്തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വ്യാഴാഴ്ച പാല്‍ സംഭരിക്കാന്‍ മില്‍മ തയ്യാറായത്.












Click it and Unblock the Notifications