പാര്‍ട്ടിയ്ക്ക് വിധേയനായാല്‍ മന്ത്രിയ്ക്ക് തുടരാം:

പി.സി.ജോര്‍ജാണോ പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരത്തിന് ഇപ്പോള്‍ കാരണമായിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളെ രക്ഷിക്കാന്‍ ജോര്‍ജിന്റെ ആവശ്യമില്ലെന്നായിരുന്നു പിള്ളയുടെ മറുപടി. ജോര്‍ജ് പറഞ്ഞതില്‍ സത്യവും കാണും, അല്ലാത്തതും കാണും. വീട്ടുകാര്യമായതിനാല്‍ അത് മുഴുവന്‍ പറയാന്‍ പറ്റില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പാര്‍ട്ടിക്ക് വിധേയനാകണമെന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്ന എല്ലാ അനാവശ്യങ്ങളും ചെയ്യുക എന്നല്ല. ചെയ്യാവുന്നത് ചെയ്യണം. പാടില്ലാത്തവയാണെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയോ ചെയര്‍മാനെയൊ അറിയിക്കണം. പ്രശ്‌നങ്ങള്‍ ഇന്ന് തീരുന്നെങ്കില്‍ തീരട്ടെ എന്ന് കരുതി മന്ത്രിയോട് യോഗത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം പത്താനാപുരത്തേക്ക് പോയി. ഇതു കഴിഞ്ഞും അദ്ദേഹത്തിന് പാര്‍ട്ടി ഓഫീസില്‍ വന്ന് ചര്‍ച്ച നടത്താം. മഞ്ഞ് ഉരുകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. യുഡിഎഫിന്റെ സ്ഥാപകരില്‍ ഒരാളെന്ന നിലയ്ക്ക് അതിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് രണ്ടാം തിയതി വരെ കാക്കാന്‍ തീരുമാനിച്ചത്- പിള്ള പറഞ്ഞു.
ഇരുപത്തിരണ്ടു മാസം മുന്‍പ് മന്ത്രിയായ ശേഷം പാര്‍ട്ടിക്ക് എതിരായാണ് മന്ത്രി പ്രവര്‍ത്തിച്ചത്. മന്ത്രിയായ ശേഷം ഒന്നോ രണ്ടോ തവണ മാത്രമേ പാര്‍ട്ടി യോഗത്തിന് വന്നിട്ടുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനം തകര്‍ക്കുകയും അവരെ അവഹേളിക്കുകയുമാണ് ചെയ്തത്.
മന്ത്രിയെ പിന്‍വലിച്ചുകൊണ്ടുള്ള നിയമാനുസൃതമായ കത്ത് നല്‍കിയപ്പോള്‍ യുഡിഎഫ് നേതൃത്വം മാര്‍ച്ച് രണ്ടിന് മുന്‍പ് തീരുമാനമെടുക്കാമെന്നാണ് ഉറപ്പുനല്‍കിയത്. ഞങ്ങളുടെ പ്രതിനിധികളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ആ ഉറപ്പ് പാലിക്കാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്. അതിനാലാണ് യോജിപ്പിനുള്ള സാധ്യത ഇല്ലാതാക്കരുത് എന്നു തീരുമാനിച്ചത്. മന്ത്രിയെ പിന്‍വലിച്ചാല്‍ പകരം മന്ത്രിയാകാന്‍ എംഎല്‍എ ഇല്ല, അതു കൊണ്ടു പറ്റില്ല എന്ന വാദം ശരിയല്ല. ഒരു പാര്‍ട്ടി മന്ത്രിയെ നിശ്ചയിച്ചു നല്‍കിയാല്‍ മന്ത്രിക്ക് പാര്‍ട്ടിയുമായി പൊക്കിള്‍ക്കൊടി ബന്ധം പാടില്ലെന്നതും ശരിയല്ല. പകരം മന്ത്രിയെ കൊടുക്കാതെ മന്ത്രിമാരെ പിന്‍വലിച്ച ചരിത്രം സംസ്ഥാനത്തും ദേശീയ തലത്തിലും എത്രവേണമെങ്കിലും ഉണ്ട്.












Click it and Unblock the Notifications