ഇറ്റാലിയന്‍ അംബാസിഡര്‍ക്ക് എയര്‍പോര്‍ട്ട് വിലക്ക്
ദില്ലി: ഇറ്റാലിയന്‍ അംബാസിഡര്‍ ഡാനിയല്‍ മാന്‍സിനി രാജ്യം വിട്ടുപോകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കടല്‍ക്കൊല കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തേണ്ട അവസാന ദിവസമായ മാര്‍ച്ച് 18വരെ മാന്‍സിനിയോട് രാജ്യം വിടരുതെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അംബാസിഡറുടെ ജാമ്യത്തിലാണ് ഇറ്റാലിയന്‍ നാവികര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് തിരിച്ചത്. എന്നാല്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാറിനുള്ളത്. ഈ പശ്ചാത്തലത്തിലാണ് ജാമ്യം നിന്ന മാന്‍സിനി രാജ്യം വിട്ടുപോകരുതെന്ന് കോടതി വിലക്കിയത്.

എന്നാല്‍ തങ്ങളുടെ പ്രതിനിധിയ്ക്ക് അന്താരാഷ്ട്ര നിയമപ്രകാരമുള്ള പരിരക്ഷയുണ്ടെന്നും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്ന അഭിപ്രായമാണ് ഇറ്റലി രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ ഇറ്റലിയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറെ ഇപ്പോള്‍ അയയ്‌ക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
ഇറ്റലിയുമായ പ്രശ്‌നങ്ങള്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കു നേരെ തിരിയുന്നതിനാല്‍ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ യുപിഎ സര്‍ക്കാറിനെ നിര്‍ബന്ധിതരാവുകയാണ്. ജാമ്യവ്യവസ്ഥ ലംഘിച്ച അംബാസിഡറെ അനഭിമതനായി പ്രഖ്യാപിച്ച് നാടുകടത്താനായിരുന്നു സര്‍ക്കാറിന്റെ നീക്കം. വാസ്തവത്തില്‍ ഇത് അംബാസിഡറെ രക്ഷിക്കുന്നതിന് തുല്യമായിരുന്നു. അസാധാരണ കേസായതുകൊണ്ട് തന്നെ നയതന്ത്രപരിരക്ഷ പരിഗണിയ്ക്കാതെ ഇടപെടാന്‍ കോടതി തീരുമാനിച്ചതും കേന്ദ്രസര്‍ക്കാറിനു തിരിച്ചടിയായി.












Click it and Unblock the Notifications