ഇന്ത്യ ചട്ടങ്ങള്‍ ലംഘിക്കുന്നെന്ന് ഇറ്റലി

സ്ഥാനപതി രാജ്യം വിട്ടുപോകരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ്. കടല്‍ക്കൊല കേസില്‍ രാജ്യാന്തര നിയമം പാലിക്കണമെന്നാണ് ഇറ്റലിയുടെ നിലപാട്. ഇന്ത്യയുമായി സൗഹാര്‍ദ്ദ പരമായ ബന്ധം തുടരാനാണ് ആഗ്രഹമെന്നും വിദേശകാര്യ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.
കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുകയായിരുന്ന നാവികരെ വോട്ട് ചെയ്യാനായി ഇറ്റലിക്ക് വിട്ടത് ഇവിടത്തെ ഇറ്റാലിയന്‍ അംബാസിഡറുടെ വാക്കിന് പുറത്താണ്. എന്നാല്‍ ഇവര്‍ തിരിച്ചിനി ഇന്ത്യയിലേക്കില്ല എന്നായിരുന്നു ഇറ്റലിയുടെ നിലപാട്. കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ മടക്കിയെത്തിക്കാമെന്നുള്ള ഉറപ്പു ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്കു നയതന്ത്ര പരിരക്ഷ അവകാശപ്പെടാനാവില്ല എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉറപ്പു ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇനി ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
ഇറ്റലിക്കെതിരെ സോണിയയും
കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. നാവികരെ തിരിച്ചുകൊണ്ടു വരുമെന്ന ഉറപ്പു ലംഘിച്ച ഇറ്റാലിയന്‍ അംബാസിഡര്‍ക്ക് നിയമപരിരക്ഷ നല്‍കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയെ കണക്കിലെടുക്കാതെ ഇറ്റലിക്ക് മുന്നോട്ടുപോകാനാവില്ലെന്നും സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലിമെന്ററി യോഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications